Pravasimalayaly

ഉപാധിയോടെ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച് ബൈഡന്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം ഒഴിവാക്കാനായി നയതന്ത്ര പരിഹാരം തേടുന്നതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആഭിമുഖ്യത്തിലാണ് പുടിന്‍-ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. റഷ്യ യുക്രൈന്‍ അധിനിവേശവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്ന ഉപാധി കൂടി അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്.

യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും റഷ്യയുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നയതന്ത്ര പരിഹാരത്തിനായി ഫ്രാന്‍സ് ശ്രമം നടത്തിയത്. 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.

യുക്രൈന്‍ ജനതയ്ക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസിലാക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍ ആവര്‍ത്തിച്ചിട്ടുണ്ട്. റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ലണ്ടന്‍ വിപണിയ്ക്കുണ്ടെന്നതിനാല്‍ തന്നെ ബോറിസ് ജോണ്‍സന്റെ ഉപരോധ ഭീഷണി റഷ്യയ്ക്ക് നിസാരമായി തള്ളിക്കളയാനാകില്ല.

ബെലാറസിലെ റഷ്യന്‍ സൈനികതാവളത്തില്‍ വച്ചായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നെന്നും ടിയു95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യന്‍ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു.

Exit mobile version