‘ഒരാളെ കൊല്ലുമ്പോള്‍ തെളിവില്ലാതെ കൊല്ലണം’, അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ അനൂപിന് ദിലീപ് നിര്‍ദേശം നല്‍കുന്ന ഓഡിയോ പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാര്‍

0
47

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദിലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സഹോദരന്‍ അനൂപിനാണ് അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെ കൊല്ലണമെന്ന നിര്‍ദേശം ദിലീപ് നല്‍കിയത്. ഈ സംഭാഷണം താന്‍ ഉടന്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

”തന്റേത് ശാപ വാക്കെന്നാണ് ദിലീപ് പറയുന്നത്. ഒരാളെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്. ഒരാളെ കൊല്ലുമ്പോള്‍ തെളിവില്ലാതെ ഏത് രീതിയില്‍ കൊല്ലണമെന്നാണ് ദിലീപ് പറയുന്നത്. സഹോദരന്‍ അനൂപിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ഇതിന്റെ ഓഡിയോ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അത് നിങ്ങള്‍ കേള്‍ക്കാത്തത് കൊണ്ടാണ് പറഞ്ഞത് ശാപ വാക്കുകളാണെന്ന് പറയുന്നത്. ദിലീപിന്റേത് ശാപ വാക്കുകളാണോയെന്ന് ഓഡിയോ പുറത്തുവരുമ്പോള്‍ മനസിലാകും,” അദ്ദേഹം പറഞ്ഞു.

വ്യാജ ആരോപണങ്ങളിലൂടെ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും താന്‍ എന്തെല്ലാം തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പോലും രാമന്‍ പിള്ളയ്ക്ക് അറിയില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘താന്‍ എന്തെല്ലാം തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പോലും രാമന്‍ പിള്ളയ്ക്ക് അറിയില്ല. ഹാജരാക്കേണ്ട ഡിവൈസുകളെല്ലാം കൃത്യസമയത്ത് കൈമാറിയിട്ടുണ്ട്. അതൊന്നും അറിയാത്തത് കൊണ്ടാണ് ടാബിന്റെയും ലാപ്പിന്റെയും കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ദിലീപ് നടക്കുന്നത്. വ്യാജ ആരോപണങ്ങളിലൂടെ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply