Pravasimalayaly

ദിലീപിന് ജയിലില്‍ ഭക്ഷണവും വെള്ളവും ഹെയര്‍ഡൈയും വീട്ടില്‍ നിന്നും എത്തിച്ചു,
ജയിലില്‍ കഴിയുമ്പോള്‍ പല ബിസിനസ് ചര്‍ച്ചകളും നടത്തി;
ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആരോപണവുമായി ബാലചന്ദ്രകുമാര്‍

കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു മുന്‍ ജയില്‍ മേധാവിയായിരുന്ന ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇത് വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇതിനു പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. നടന്‍ ദിലീപ് ജയിലില്‍ ദുരിതം അനുഭവിച്ചു എന്ന ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചോദ്യം ചെയ്യുന്നത്.

ദിലീപ് വിചാരണത്തടവുകാരനായി ആലുവ സബ് ജയിലില്‍ കഴിയുമ്പോഴുള്ള അനുഭവമായിരുന്നു ആര്‍ ശ്രീലേഖ വിവരിച്ചത്. ദിലീപിന് സഹായം ചെയ്തുകൊടുത്തതു മാനുഷികപരിഗണന കൊണ്ടു മാത്രമാണെന്നാണ് ആര്‍.ശ്രീലേഖ പറഞ്ഞത്. എന്നാല്‍ ജയിലില്‍ നടന്‍ ദിലീപ് ബുദ്ധിമുട്ട് അനുഭവിച്ചു എന്ന ശ്രീലേഖയുടെ വാദം തെറ്റാണ് എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ജയിലില്‍ ദിലീപിന് എല്ലാ സൗകര്യങ്ങളും ലഭിച്ചിരുന്നതായി തനിക്കറിയാം. ദിലീപിന് ഭക്ഷണവും വെള്ളവും ഹെയര്‍ഡൈ ഉള്‍പ്പെടെ വീട്ടില്‍ നിന്നും എത്തിച്ചതായി തനിക്ക് അറിയാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.

താന്‍ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ദിലീപ് സന്തോഷവാനായിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ പല ബിസിനസ് ചര്‍ച്ചകളും നടത്തിയിരുന്നതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. സഹ തടവുകാരനായ പോക്കറ്റടിക്കാരനില്‍ നിന്നും പിക്പോക്കറ്റ് സിനിമയിലേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ദിലീപ് ശേഖരിക്കുകയും അനൂപ് തനിക്ക് കൈമാറുകയും ചെയ്തതായി ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. മുന്‍ ജയില്‍ മേധാവിക്ക് മറ്റ് തടവുകാരോട് തോന്നാത്ത കരുണ ദിലീപിനോട് തോന്നിയത് വിചിത്രമാണെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചു.

സബ്ജയിലില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നുവെന്നാണ് ശ്രീലേഖ പറഞ്ഞത്. വെറും തറയില്‍ ഒരു പായയില്‍ മൂന്നുനാലു തടവുകാരുടെ ഇടയില്‍ ദിലീപ് കിടക്കുന്നു. ചെന്നു തട്ടിവിളിച്ചപ്പോള്‍ എണീക്കാന്‍പോലും വയ്യ. വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയില്‍ പിടിച്ച് എണീറ്റു നിന്നിട്ടു വീണുപോയി. ആളെ കണ്ടപ്പോള്‍ നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന ദിലീപാണോ എന്നു സംശയം തോന്നുന്ന രീതിയില്‍ വികൃതമായ രൂപം.
ദിലീപിനെ കൊണ്ടുവന്നു സൂപ്രണ്ടിന്റെ മുറിയിലിരുത്തി. ഒരു കരിക്കു കൊടുത്തു. ദയയുടെ പുറത്താണ് അതു ചെയ്തത്. ഒരാളെയും ഇത്രയധികം ദ്രോഹിക്കാന്‍ പാടില്ല. പ്രത്യേകമായി 2 പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ഇയര്‍ ബാലന്‍സ് പ്രശ്‌നം ഡോക്ടറെ വരുത്തി പരിശോധിപ്പിച്ചു മരുന്നു കൊടുത്തു. ആഹാരം പ്രത്യേകമായിട്ടു കൊടുക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. ദിലീപ് വിചാരണത്തടവുകാരനാണ്. വീട്ടില്‍നിന്നു ഭക്ഷണം കൊണ്ടുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന തീരുമാനവുമെടുത്തു. ദിലീപിനെ സഹായിച്ചുവെന്ന പേരില്‍ പിന്നീട് ഒരുപാട് അപവാദം കേട്ടുവെന്നും ശ്രീലേഖ പറഞ്ഞു.

ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച വ്യക്തിയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ജയിലില്‍ ദിലീപിന് മികച്ച സൗകര്യം ലഭിക്കുന്നു എന്ന വാര്‍ത്തകള്‍ അന്ന് തന്നെ സുരേഷ് കുമാര്‍ നിഷേധിച്ചിരുന്നു. മറ്റു തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ദിലീപിന് കിട്ടുന്നതെന്നും താരത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായ വേളയില്‍ ചികില്‍സ നല്‍കിയതെല്ലാം തെറ്റായി പ്രചരിപ്പിച്ചുവെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഡിജിപിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് സുരേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ആലുവ ജയിലില്‍ എത്തിയത്. വളരെ കുറച്ച് നേരം മാത്രമായിരുന്നു കൂടിക്കാഴ്ച.

തെറ്റ് ചെയ്തില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുന്നു എന്നും ദിലീപ് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി പറഞ്ഞ കാര്യങ്ങള്‍ വച്ച് ദിലീപിനെ പ്രതി ചേര്‍ക്കുകയാണുണ്ടായതെന്നും സുരേഷ് കുമാര്‍ അന്ന് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. വിവാദമുയര്‍ന്ന വേളയില്‍ ജയില്‍ ഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖ അന്നുതന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Exit mobile version