തിരുവനന്തപുരം: ബാര്‍ കോഴക്കേസ് പുനരന്വേഷണത്തിന് ഗവർണർ ആവശ്യപ്പെട്ട വിശദീകരണം നല്കാതെ സർക്കാർ. ഇതോടെ ഇക്കാര്യത്തിൽ തീരുമാനം നീളുന്നു മുന്‍മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരേ പുനരന്വേഷണത്തിന് അനുമതി തേടിയെങ്കിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദാശങ്ങൾ നല്‍കിയിട്ടില്ല.
ബാര്‍ വ്യവസായിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ബാര്‍ കോഴ ആരോപണം വരുന്ന കാലയളവില്‍ കെ. ബാബുവും വി.എസ്. ശിവകുമാറും മന്ത്രിമാരായിരുന്നതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാലയളവില്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമല്ലാതിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിനെതിരേ അന്വേഷണത്തിന് വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടിയിരുന്നു. സ്പീക്കര്‍ അതു നല്‍കുകയും ചെയ്തു.
എന്നാല്‍ ഗവര്‍ണര്‍ക്കു മുമ്പാകെ ഈ ആവശ്യം വന്നപ്പോള്‍ കൂടുതല്‍ വിശദീകരണം തേടി. വിജിലന്‍സ് ഐജി നല്‍കിയ വിശദീകരണം നേരത്തേ ഗവർണർ മടക്കി.കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ ആണു വിശദീകരണം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കട്ടേയെന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍. ഈ തര്‍ക്കം തുടരുന്നതിനിടെ അന്വേഷണത്തിലുള്ള തീരുമാനം നീളുകയാണ്.