Pravasimalayaly

കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റിന്’ വിലക്ക്

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിന് വിലക്ക് ഏർപ്പെടുത്തി ഖത്തർ സർക്കാർ. സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ ഇതേ കാരണത്താൽ കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കുവൈറ്റിന് പിന്നാലെ ഖത്തറിലും വിലക്ക് ഏർപ്പെടുത്തിയത് സിനിമയുടെ ജിസിസി കളക്ഷനെ ബാധിക്കും. യുഎഇ , ബഹറിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടുണ്ട്. കെഎസ്എയിലെ സെൻസറിങ് നാളെ നടക്കും.

അതേപോലെ സിനിമ തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗും രംഗത്ത് എത്തിയിരുന്നു. തമിഴ്‌നാട് മുസ്‌ലിം ലീഗ് അധ്യക്ഷൻ വി.എം.എസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിന് ലീഗ് കത്തുനൽകി. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയർത്തിയാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ എത്തുക. പൂജ ഹെഗ്‌ഡെ ആണ് സിനിമയിലെ നായിക. ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നീ മലയാളി താരങ്ങളും സിനിമയിലുണ്ട്.

Exit mobile version