തിരുവനന്തപുരം: വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് മൂവരെയും സസ്‌പെന്‍ഡ് ചെയ്തത്. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു യുവാവിനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ റെയില്‍വേ ജീവനക്കാരന്‍ അറിയിച്ചതോടെ കോട്ടയത്തുനിന്നുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. കേസ് എടുത്തതിന് പിന്നാലെയാണ് മൂന്ന് പേരേയും സസ്‌പെന്റ് ചെയ്തത്.
പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്കോയുടെ് ഔട്ട്ലെറ്റില്‍ എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു. മര്‍ദിച്ച ശേഷം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മര്‍ദിച്ചതായും രാജേഷ് പറഞ്ഞു.