Pravasimalayaly

നിർത്തിയിട്ട പഴകിയ കാറിൽ 7 കോടി രൂപ:ബിലിവേഴ്സ് ആസ്ഥാനത്തെ റെയ്ഡ്

പത്തനംതിട്ട: കെപി യോഹന്നാന്റെ വീട്ടിലും ബിലീവേഴ്‌സ് സഭാ ആസ്ഥാനത്തുമായി നടന്ന ആദായ നികുതി റെയ്ഡില്‍ ഇതുവരെ പിടികൂടിയത് 13.57 കോടി രൂപ. സഭയുടെ കീഴിലുള്ള ആശുപത്രി കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളില്‍ നിന്നു മാത്രം ചാക്കില്‍ കെട്ടിയ നിലയില്‍ ഏഴുകോടി രൂപ കണ്ടെടുത്തു. റെയ്ഡിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കുറഞ്ഞത് ആഴ്ചകളെടുക്കുമെന്നാണ് ആദായനികുതി വിഭാഗം നല്‍കുന്ന സൂചന.

റെയ്ഡില്‍ രണ്ടു കോടി രൂപയുടെ നിരോധിത നോട്ടുകളും പിടികൂടി. പഴയ ആയിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ടുകള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്. നോട്ടു നിരോധനത്തോടെ മാറാനാവാതെ പോയതാണ് ഈ നോട്ടുകളെന്നാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ആറിനു സഭാ ആസ്ഥാനത്തും സ്ഥാപനങ്ങളിലുമടക്കം 40 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതുവരെ കണക്കില്‍പ്പെടാത്ത 13.57 കോടി രൂപ പണമായി കണ്ടെടുത്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 14000 കോടിയിലേറെ രൂപയുടെ വിദേശ സഹായമാണ് കെപി യോഹന്നാന്‍ കൈപ്പറ്റിയത്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30 ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായാണ് കണ്ടെത്തിയത്. ചില മാധ്യമ സ്ഥാപനങ്ങളിലടക്കം കോടികളാണ് യാതൊരു പങ്കാളിത്തവുമില്ലാതെ ബിലീവേഴ്‌സ് മുടക്കിയത്.

വിദേശ സഹായം സ്വീകരിക്കാമെങ്കിലും അതിന്റെ ചിലവാക്കിയ കണക്കുകള്‍ കൃത്യമായി സര്‍ക്കാരിന് കൈമാറേണ്ടതാണ്. എന്നാല്‍ 2012 മുതലുള്ള ഈ കണക്കുകളില്‍ വലിയ തട്ടിപ്പുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പണം വകമാറ്റി റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് മുടക്കിയിട്ടുള്ളത്.

രാജ്യത്തെ നികുതി നിയമങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് കെപി യോഹന്നാനും അദ്ദേഹത്തിന്റെ സഭയുടെയും പ്രവര്‍ത്തനമെന്നും ആദായനികുതി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

നികുതി നിയമങ്ങളെ മറികടക്കാനും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിച്ചും ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് പല ഇടപാടുകളും നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കായും ക്രമക്കേടുകളിലെ പങ്കാളികള്‍ക്ക് വേണ്ടിയും കേന്ദ്ര സംഘം വലവിരിച്ചു കഴിഞ്ഞു. ഇഡി അടക്കമുള്ള കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് ഉടന്‍ എത്തും.

Exit mobile version