ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന്; രാവിലെ 10 മുതല്‍ പൊതുദര്‍ശനം

0
48

കണ്ണൂര്‍: ഇന്നലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും. വൈകീട്ട് മൂന്നിന് നാറാത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. 

കണ്ണൂര്‍ നാറാത്തെ വീട്ടില്‍ ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. കടുത്ത പ്രമേഹം മൂലം കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ദീര്‍ഘകാലം ബര്‍ലിനില്‍ പത്ര പ്രവര്‍ത്തകനായിരുന്ന കുഞ്ഞനന്തന്‍ നായര്‍ സി പി എമ്മിലെ വിഭാഗീയത കത്തിനിന്ന കാലത്ത് വി എസിനായി വാദിച്ചയാളാണ്.

ഇതേത്തുടര്‍ന്ന് പിണറായി വിജയന്‍ അടക്കമുള്ള ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായി. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ തുറന്നെഴുതിയ അദ്ദേഹത്തിന്റെ ‘പൊളിച്ചെഴുത്ത്’ എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. പിണറായി വിജയന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്തു പുത്രനാണെങ്കില്‍ വി എസ് അച്യുതാനന്ദന്‍ തനതു പുത്രനാണെന്ന ബര്‍ലിന്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കി.

ബൂര്‍ഷ്വാമാധ്യമങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 2005 മാര്‍ച്ച് മൂന്നിന് ബര്‍ലിന്റെ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 2015 ൽ അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു.  ബർലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Leave a Reply