കൂടുതൽ ലാഭം നൽകുന്ന കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാമെന്ന് ബവ്‌റിജസ് കോർപറേഷൻ തീരുമാനിച്ചതോടെ 5 മാസം കൊണ്ട് ലഭിച്ചത് 16 കോടിയുടെ അധികവരുമാനം. ഷോർട്ട് ട്രാൻസ്ഫർ നെറ്റ്വർക്ക് (എസ്ടിഎൻ) പദ്ധതിയിലൂടെ ക്യാഷ് ഡിസ്‌കൗണ്ടായാണ് കോർപറേഷനു തുക ലഭിച്ചത്
വൻകിട മദ്യക്കമ്പനികൾ ചില വെയർഹൗസ് മാനേജർക്കും ജീവനക്കാർക്കും കമ്മിഷൻ കൊടുത്ത് അവരുടെ ഉൽപന്നം വിൽക്കുന്നതായിരുന്നു പഴയരീതി. ഇക്കാരണത്താൽ പുതിയ കമ്പനികൾക്കൊന്നും വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. നവംബർ മാസത്തിലാണ് ഈ രീതി അവസാനിപ്പിച്ച് എസ്ടിഎൻ പദ്ധതി നടപ്പിലാക്കാൻ ബവ്‌കോ തീരുമാനിച്ചത്. ബിയറിന്റെ എംആർപിയുടെ 9.5 ശതമാനവും വിദേശമദ്യത്തിന്റെ എംആർപിയുടെ 21 ശതമാനവും ക്യാഷ് ഡിസ്‌കൗണ്ടായി ബവ്‌കോയ്ക്കു നൽകിയാൽ നിശ്ചിത മാസത്തിനുള്ളിൽ സ്റ്റോക്കു വിറ്റു നൽകാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് വിൽപനയ്ക്കു തയാറായ കമ്പനികളുമായി ബവ്‌കോ കരാറിലേർപ്പെട്ടു.
ഇടനിലക്കാർ ഒഴിവായതോടെ എസ്ടിഎൻ പദ്ധതി കോർപറേഷനു ലാഭമായി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആകെ വിൽപനയുടെ 25% ഈ പദ്ധതിയിലൂടെയായിരുന്നെന്ന് അധികൃതർ പറഞ്ഞു. എസ്ടിഎൻ പദ്ധതിയിൽ ഭാഗമായാൽ ഉൽപന്നങ്ങളുടെ വിൽപന കോർപറേഷൻ ഉറപ്പാക്കുന്നതിനാൽ കൂടുതൽ കമ്പനികൾ താൽപര്യം അറിയിച്ചു വരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
6.5 ലക്ഷം കേയ്‌സ് മദ്യമാണ് ഈ പദ്ധതിയിലൂടെ ഇതുവരെ വിറ്റത്. വിദേശമദ്യമാണ് പദ്ധതിയിലൂടെ കൂടുതൽ വിറ്റുപോകുന്നത്. 1,27,000 കേസ് ബിയർ ആണ് ഈ പദ്ധതിയിലൂടെ വിൽപനയ്ക്കായി കോർപറേഷൻ ഇപ്പോൾ എടുത്തിരിക്കുന്നത്. അതേസമയം ഈ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകളിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തി.