കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

0
341

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതില്‍ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസ് അവസാനിപ്പിച്ചതില്‍ അദ്ഭുതമില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അന്വേഷണ സംഘത്തിന് എവിടെ നിന്നും പിന്തുണയില്ല. ദീര്‍ഘനാളായി കേസിന് പിന്നാലെയാണ് അന്വേഷണ സംഘം.

ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാന്‍ കോടതിയോ ഭരണപക്ഷമോ അന്വേഷണ സംഘത്തിനൊപ്പമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. പ്രതിപക്ഷം കേസിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

ഈ കേസിന്റെ കാര്യത്തില്‍ എനിക്ക് അദ്ഭുതം തോന്നുന്നില്ല. സഹായം കിട്ടേണ്ട പ്രധാന ഇടങ്ങളില്‍ നിന്നൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായം കിട്ടുന്നില്ല. ഇത് കിട്ടാത്ത കാലത്തോളം എങ്ങനെയാണ് അവര്‍ അന്വേഷണവുമായി മുന്നോട്ട് പോവുക. കോടതിയാണെങ്കില്‍ എന്തെല്ലാം കൊണ്ട് കൊടുത്താലും സ്വീകരിക്കുന്നില്ല. ഇതൊന്നും പോര, അടുത്തത് കൊണ്ടുവാ എന്നാണ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ആരും ഇല്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല, നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ അവരെത്ര കാലമാണ് ഇത് തുടരുകയെന്നും, സമൂഹം മനസ്സിലാക്കേണ്ട കാര്യമാണിത്. നമുക്കൊരു പ്രതിസന്ധി വരുമ്പോള്‍ നമുക്കൊപ്പം കോടതി പോലും നില്‍ക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കോടതിയിലേക്ക് പണമുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്ന് ബോര്‍ഡ് വെക്കുന്നത് നന്നായിരിക്കും. പ്രതിപക്ഷമൊന്നും ഈ കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. കേസ് തളര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് ബാലചന്ദ്രകുമാറും സായ്ശങ്കറും അടക്കമുള്ളവര്‍ ശക്തമായ തെളിവുമായി എത്തിയത്. അതൊന്നും പോര എന്ന് കോടതി പറയുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. നിങ്ങള്‍ ധൈര്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോവൂ എന്ന് പറയാന്‍ ആരും തന്നെ ഇല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ കോടതിയോ ആരും അന്വേഷണ സംഘത്തിനൊപ്പം നില്‍ക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. കേസിലെ അധിക കുറ്റപത്രം ഈ മാസം മുപ്പതിന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.

നടി ആക്രമിക്കപ്പെട്ട അവസാനിപ്പിക്കുന്നത് ആഭ്യന്തര വകുപ്പില്‍ പി ശശിയുടെ ഇടപെടല്‍ കാരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ ആരോപിച്ചു. തെളിവുകളെല്ലാം മരവിപ്പിച്ച് കേസന്വേഷണത്തിന് ചുമതല വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് അടക്കം പി ശശിയുടെ തന്ത്രമാണെന്ന് നുസൂര്‍ പറയുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് തെളിയിക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. കേസില്‍ ജുഡീഷ്യറിയെ പോലും കളങ്കപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ പിന്മാറിയത് ഈ സമീപനം കൊണ്ടാണെന്നും നുസൂര്‍ പറഞ്ഞു.

ഈ കേസിന് ഒരുപാട് പ്രത്യേകതകളുണഅട്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടുണ്ട്. ഇതിലൂടെ കോടതിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറിയതിലുള്ള കാരണവും വ്യക്തമല്ല. എന്തുകൊണ്ട് പുതിയ പ്രോസിക്യൂട്ടറെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്ന് ആര്‍ക്കും ഉറപ്പ് നല്‍കാനാവില്ല. കേരളത്തില്‍ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കോടതിയുടെ വിശ്വാസ്യത ഇത്തരം കേസുകളില്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യുക. പ്രതികള്‍ ഇവരെ കോടികള്‍ നല്‍കിയാണ് വിലയ്ക്ക് വാങ്ങിയതെന്നും നുസൂര്‍ ആരോപിച്ചു.

അതേസമയം നടി ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനായിരുന്നു പോലീസ് നേരത്തെ തീരുമാനിച്ചത്. തുടരന്വേഷണത്തിനായി ഇനി സമയം നീട്ടിച്ചോദിക്കില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ എല്ലാം അവസാനിക്കും. കാവ്യാ മാധവനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണ സംഘം ആരോപിച്ചിരുന്നു. അവരെ ചോദ്യം ചെയ്യണമെന്ന് കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക.

Leave a Reply