ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടനും സംവിധായകനുമാണ് ഭാഗ്യരാജ്. എന്നാല്‍ താരത്തിന്റെ പരാമര്‍ശം ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രയോഗമാണ് വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ പ്രസവിച്ചവരാണെന്ന് ഭാഗ്യരാജ് പറഞ്ഞു. ഇതാണ് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ളവരെ പരിഹസിക്കുകയാണ് ഭാഗ്യരാജ് ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. ബിജെപി ആസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ഭാഗ്യരാജിന്റെ വിവാദ പ്രസ്താവന.
പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ പ്രസവിക്കുന്നവരാണ്. അവരുടെ കണ്ണുകളും കാതുകളും ഇതുവരെ ശരിയായ രീതിയില്‍ വളര്‍ന്നിട്ടില്ലെന്നും ഭാഗ്യരാജ് തുറന്നടിച്ചു. വിമര്‍ശനങ്ങളെ നേരിടാന്‍ മോദിക്ക് ഞാന്‍ ഒരു മാര്‍ഗം പറഞ്ഞ് താരം. മൂന്നാം മാസത്തില്‍ മാസം തികയാതെ പ്രസവിച്ചവരാണ് അവരെ കണ്ടാല്‍ മതി. എന്തുകൊണ്ടാണ് മൂന്ന് മാസം എന്ന് ഞാന്‍ എടുത്ത് പറയുന്നതെന്ന് നിങ്ങള്‍ക്ക് തോന്നാം. കാരണം നാലാം മാസത്തില്‍ കുട്ടിക്ക് വായ്ക്ക് വളര്‍ച്ച വരും. അഞ്ചാം മാസത്തില്‍ ആ കുട്ടിക്ക് ചെവിയുടെ വളര്‍ച്ചയുണ്ടാവും. എന്നാല്‍ മൂന്നാം മാസത്തില്‍ പിറക്കുന്ന കുഞ്ഞിന് ഇതൊന്നും വളര്‍ച്ചയെത്തിയിട്ടുണ്ടാവില്ലെന്നും ഭാഗ്യരാജ് പറഞ്ഞു.
മൂന്നാം മാസത്തില്‍ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ ഒരിക്കലും പോസിറ്റീവായി സംസാരിക്കില്ല. ഇനി അവരോട് ആരെങ്കിലും പോസിറ്റീവായ കാര്യങ്ങള്‍ സംസാരിക്കുകയാണെങ്കില്‍, അവരത് കേള്‍ക്കാനും തയ്യാറാവില്ലെന്നും ഭാഗ്യരാജ് വ്യക്തമാക്കി. സദസ്സ് മുഴുവന്‍ ഈ സമയം കൈയ്യടിക്കുകയായിരുന്നു. മോദി ഒരു ഇടവേള പോലും എടുക്കാതെ ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാരുണ്ട്. എങ്ങനെയാണ് അദ്ദേഹം സ്വന്തം ആരോഗ്യത്തെ എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നതെന്നും ചിന്തിക്കാറുണ്ട്. ഇന്ത്യക്ക് ആവശ്യം ഇത്രയും ഊര്‍ജസ്വലതയുള്ള മോദിയെ പോലുള്ള ഒരു വ്യക്തിയെയാണെന്നും ഭാഗ്യരാജ് വ്യക്തമാക്കി.
അതേസമയം തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും, അത് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ഭാഗ്യരാജ് പറഞ്ഞു. വലിയ വിവാദങ്ങള്‍ ഈ പരാമര്‍ശത്തില്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് താരത്തിന്റെ മറുപടി. താന്‍ ബിജെപിയുമായി ബന്ധമുള്ളയാളല്ല. ആ പാര്‍ട്ടിയില്‍ അംഗത്വവുമില്ല. ദ്രാവിഡ നേതാക്കളായ അണ്ണ, എംജിആര്‍, കലൈജ്ഞര്‍, എന്നിവരുടെ ആശയങ്ങള്‍ അറിഞ്ഞാണ് വളര്‍ന്നതെന്ന് ഭാഗ്യരാജ് പറഞ്ഞു. അവരുടെ പ്രത്യയശാസ്ത്രത്തെയാണ് തനിക്ക് ഇഷ്ടം. തമിഴ് നേതാക്കളെയും അവരുടെ ആദര്‍ശങ്ങളോടുമുള്ള തന്റെ ഇഷ്ടം ഒരിക്കലും മാറില്ലെന്നും ഭാഗ്യരാജ് പറഞ്ഞു.