Pravasimalayaly

പെൻസിൽവാനിയയിൽ അയ്യായിരത്തിലധികം വോട്ടിന്റെ ലീഡുമായി ബൈഡൻ വിജയത്തിലേക്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ജോ ബൈഡൻ. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പെൻസിൽവേനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് ഉണ്ടായിരിക്കുന്നത്. പെൻസിൽവേനിയയിൽ 5587 വോട്ടിന്റെ ലീഡാണ് ഇപ്പോൾ ബൈഡനുളളത്. 20 ഇലക്ട്രൽ വോട്ടുകളാണ് പെൻസിൽവേനിയയിൽ ഉളളത്. 2016-ൽ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെൻസിൽവേനിയ. ഇവിടെ വിജയം നേടാനായാൽ മറ്റുമൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ 270 ഇലക്ട്രൽ വോട്ടുകൾ ബൈഡന് കരസ്ഥമാക്കാൻ സാധിക്കും. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തുവരാനുളളത്. ഇതിൽ നിർണായകമായ സ്ഥാനം നേടിയിരിക്കുകയാണ് പെൻസിൽവാനിയ ഇപ്പോൾ. സമാനമായി ട്രംപിന് മേധാവിത്വമുണ്ടായിരുന്ന ജോർജിയയിലും ബൈഡൻ മുന്നിൽ തന്നെയാണ്. 1097 വോട്ടുകൾക്ക് മുന്നിലാണ് ഇവിടെ ബൈഡൻ. 16 ഇലക്ട്രൽ വോട്ടുകളാണ് ജോർജിയയിൽ ഉളളത്. ജോർജിയയിൽ 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞു. അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. അരിസോണയിൽ ബൈഡന് 47.052 വോട്ടിന്റെ ലീഡുണ്ട്.ബൈഡന് മേധാവിത്വമുളള സംസ്ഥാനമാണ് നെവാഡ. നെവാഡെയിൽ നിലവിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ടെങ്കിലും ഇവിടെ ബൈഡൻ നേടുമെന്നുതന്നെയാണ് സൂചന. നിലവിൽ നെവാഡെയിൽ 11,438 വോട്ടുകൾക്ക് മുന്നിലാണ് ബൈഡൻ 264 ഇലക്ട്രൽ കോളേജ് വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്.ആറ് ഇലക്ട്രറൽ കോളേജ് വോട്ടുകൾ കൂടി നേടിയാൽ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡൻ അധികാരമേൽക്കും

Exit mobile version