തിരുവനന്തപുരം: പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപടര്‍ന്നു പിടച്ചത്. വന്‍ ശബദത്തോടെ തീ പടര്‍ന്നതോടെ സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റി.തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപമുണ്ടായ തീപിടുത്തം പൂന്തറ സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലെന്ന് പൊലീസ്. ഗോഡൗണില്‍ നിന്ന് വലിയ പൊട്ടിത്തെറികളുണ്ടായി. ഉച്ചയ്ക്ക് പതിനൊന്നരയോടെ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് സ്പാര്‍ക്കുണ്ടായി തീ ഗോഡൌണിലേക്ക് വന്നുവീഴുകയായിരുന്നെന്ന് സുല്‍ഫി പറഞ്ഞു. വിവരമറിയിച്ചതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്തുപോയി. ഇതിന് പിന്നാലെ അതിശക്തമായി തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചെന്ന് സുല്‍ഫി പറഞ്ഞു.നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണയക്കാനുള്ള ശ്രമം തുടരുകയാണ്. നാലു ഭാഗങ്ങളില്‍ നിന്നായി ഫയര്‍ഫോഴ്‌സ് വെളളമൊഴിക്കുകയാണ്. മന്ത്രി ശിവന്‍കുട്ടി സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രിക്കടയോട് ചേര്‍ന്ന് അഞ്ചോളം കടകളും തൊട്ടുപുറകില്‍ ഒരു വീടുമുണ്ട്. സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകളുണ്ട്. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ വൃക്ഷങ്ങള്‍ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായ ആക്രിക്കടക്ക് എതിരെ നിരവധി തവണ പരാതി നല്‍കിയിരുന്നെന്ന് റെസിഡന്‍സ് അസോസിയേഷന്‍ പറഞ്ഞു. നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.