Pravasimalayaly

മോദി തരംഗം ബീഹാറിൽ ഏറ്റില്ലന്ന് എക്സിറ്റ് പോൾ

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കൂടുതല്‍ ചര്‍ച്ച ചെയ്തത് വികസനവും തൊഴിലില്ലായ്മയും. മഹാസഖ്യത്തിന്റെ പ്രധാന ആയുധങ്ങളും ഇവയായിരുന്നു. വികസനം എവിടെ എന്നായിരുന്നു മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് വോട്ടര്‍മാരോട് ചോദിച്ചത്. നിതീഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഈ വിഷയം അവര്‍ നന്നായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ വികസനവും തൊഴിലില്ലായ്മയുമാണ് ബിഹാറില്‍ ചര്‍ച്ചയായത് എന്ന് ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം തങ്ങള്‍ക്ക് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ബിജെപിയും ജെഡിയുവും കരുതിയത്. എന്നാല്‍ മോദി തരംഗം ഇത്തവണ ബിഹാറില്‍ ഇല്ലെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. വികസനമാണ് 42 ശതമാനം വോട്ടര്‍മാര്‍ അടിസ്ഥാനമാക്കിയത്. തൊഴിലില്ലായ്മ 30 ശതമാനം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. പണപ്പെരുപ്പം 11 ശതമാനം ചര്‍ച്ചയായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും നരേന്ദ്ര മോദിയുടെയും ഇഫക്ട് മൂന്ന് ശതമാനമേ കാണാന്‍ കഴിഞ്ഞുള്ളൂ. ജാതീയതയും ദേശ സുരക്ഷയും നിതീഷ് ഇഫക്ടും ഒരു ശതമാനമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായത് എന്നും ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.ആര്‍ജെഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ കുതിപ്പ് സൂചിപ്പിച്ചാണ് എബിപി എക്‌സിറ്റ് പോള്‍ ഫലം. 131 സീറ്റുകള്‍ വരെ ഇവര്‍ നേടും. അതേസമയം എന്‍ഡിഎ 128 സീറ്റ് വരെ നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന ആര്‍ജെഡി ആയിരിക്കുമെന്നാണ് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നത്. നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് നേരിട്ടത്. പക്ഷേ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.മഹാസഖ്യത്തിനും എന്‍ഡിഎക്കും സാധ്യത കല്‍പ്പിച്ചാണ് എബിപി സര്‍വ്വെ. തൂക്കു സഭയാണ് ഇവര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാസഖ്യം മുന്നേറും. എന്നാല്‍ എന്‍ഡിഎ അധികം വിദൂരമല്ലാത്ത രീതിയില്‍ പിന്നിലുണ്ട്. മൂന്ന് ഘട്ടങ്ങളായി നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ പത്തിന് നടക്കും. നിതീഷ് കുമാര്‍ തുടരുമോ അതോ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലെത്തുമോ എന്ന് അന്നേ ദിവസം വ്യക്തമാകും.

Exit mobile version