Friday, July 5, 2024
HomeNewsKerala'ഗുഡ്‌ഗേൾ' പട്ടം വേണ്ട, തോൽവി പേടിച്ച് ഓടില്ല'; പുരുഷാധിപത്യം സിപിഐയിൽ മാത്രമല്ല; ബിജിമോൾ

‘ഗുഡ്‌ഗേൾ’ പട്ടം വേണ്ട, തോൽവി പേടിച്ച് ഓടില്ല’; പുരുഷാധിപത്യം സിപിഐയിൽ മാത്രമല്ല; ബിജിമോൾ

‘സിപിഐയിൽ പുരുഷ കേന്ദ്രീകൃത നിലപാട്’ എന്ന നിലയിൽ ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് സിപിഐ നേതാവ് ഇ.എസ്.ബിജിമോൾ. അതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. എല്ലാ പാർട്ടികളിലും പുരുഷാധിപത്യം വസ്തുതയാണെന്നും, അതു സിപിഐയിൽ മാത്രമുള്ള കാര്യമല്ലെന്നും പറയുകയാണ് ബിജിമോൾ.

‘ജില്ലാ സെക്രട്ടറിമാർ എന്നത് പുരുഷന്മാരുടെ കുത്തകയാണ്. ഇന്നുവരെ ഒരു സ്ത്രീയെ പരിഗണിച്ചിട്ടില്ല. ആ കൊക്കൂണിൽ ഒന്നു തൊട്ടപ്പോൾ പുരുഷാധിപത്യം സടകുടഞ്ഞെഴുന്നേറ്റു എന്നാണ് പറഞ്ഞത്. അതോടെ പാർട്ടിയിൽ പുരുഷാധിപത്യം എന്നു ഞാൻ പറഞ്ഞു എന്നായി പ്രചാരണം. അങ്ങനെ വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ ഒന്നും പറയാൻ കഴിയില്ല. അതിന് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഞങ്ങളുടെ പാർട്ടി അംഗത്വത്തിൽ സ്ത്രീകൾ വെറും 15% മാത്രമേ ഉള്ളൂ. അതിന്റെ പ്രാതിനിധ്യമല്ലേ അവർക്കു കിട്ടൂ.’

സിപിഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിർദേശിച്ച ഇ.എസ്.ബിജിമോളെ ജില്ലാഘടകം പരാജയപ്പെടുത്തിയത് വൻ വിവാദമാണു സൃഷ്ടിച്ചത്. 

സ്ത്രീകളെ ജില്ലാ സെക്രട്ടറി സ്ഥാനം പോലെയുള്ള പ്രധാന പദവികളിലേക്ക് നിയോഗിക്കണമെന്ന് മഹിളാ സംഘം തുടർച്ചയായി ആവശ്യപ്പെടുന്നതാണ്. പിന്മാറിയാൽ  പാർട്ടി തീരുമാനത്തിന് ഒപ്പം നിന്നില്ല എന്ന പഴി കൂടി കേൾക്കേണ്ടി വന്നേനെ. അതോടെ ചരിത്രത്തിൽ താൻ ഒരു ഒറ്റുകാരി ആയി മാറിയേനെ എന്ന് ബിജിമോൾ പറയുന്നു. 

‘അതു നല്ല ഏർപ്പാടല്ല, തോൽക്കുമോ ജയിക്കുമോ എന്നതു രണ്ടാമത്തെ കാര്യമാണ്. സ്ത്രീ സമൂഹത്തിന് നൽകിയ ഒരു അംഗീകാരം, എനിക്കു ധൈര്യം ഇല്ലാത്തതുകൊണ്ട് ഇല്ലാതാക്കി എന്ന പഴി കേൾക്കേണ്ടെന്നു നിശ്ചയിച്ചു.’

വെറും ഏഴു വോട്ടാണ്  ലഭിച്ചത്. എതിരാളിക്ക് 43 വോട്ടും. അത് ഒരു തിരിച്ചടി തന്നെ അല്ലേ എന്ന ചോദ്യത്തിന്

‘വ്യക്തിപരമായ ഒരു തിരിച്ചടി ആയി ഞാൻ അതിനെ കാണുന്നില്ല. ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ. 2016ൽ മന്ത്രിസ്ഥാനത്തേക്ക് എന്റെ പേര് ഉയർന്നുവന്നു. ഞാൻ ആരോടും പോയി ചോദിച്ചതല്ല. അതു പിന്നീട് വലിയ വിവാദമായി. എനിക്കെതിരെ പാർട്ടി നടപടി എടുത്തു. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട എന്നെ ഇടുക്കിയിലെ പാർട്ടിയാണ് കഴിഞ്ഞ സമ്മേളനത്തിൽ അതേ ഘടകത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. സഖാവ് കെ.കെ.ശിവരാമന്റെ മുൻകൈയിലാണ് അതു നടന്നത്. അതുകൊണ്ട് ഇപ്പോഴത്തേത് എനിക്കുള്ള തിരിച്ചടി എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ല.’ ബിജിമോൾ വ്യക്തമാക്കുന്നു. സ്ത്രീ ആയതുകൊണ്ട് തന്റെ ആത്മവീര്യം കെടുത്താൻ ശ്രമിച്ചെന്നും. അതാണ് തന്റെ പരാതിയെന്നും അവർ പറയുന്നു. 

  മൂന്നുതവണ എംഎൽഎ ആയിട്ടും മന്ത്രി ആയില്ല, എന്നാൽ ചിഞ്ചുറാണി മന്ത്രിയും ആയി. സിപിഐയിൽ വിവേചനം ഉണ്ടോ എന്നതിന്,

‘വിവേചനം എന്നൊന്നും പറയാൻ കഴിയില്ല. ചിഞ്ചുറാണി എന്നേക്കാൾ വളരെ സീനിയറാണ്. മഹിളാസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗവുമാണ്. എന്തുകൊണ്ടും പരിഗണിക്കപ്പെടേണ്ട പേരുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. എത്രയോ നേരത്തേ എംഎൽഎ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട ആളാണ്. അപ്പോഴെല്ലാം അവസരം നിഷേധിക്കപ്പെട്ട ശേഷമാണ് ഈ അവസരം ലഭിച്ചത്. അത് പാർട്ടിയിൽ ഒരു ചർച്ച ഉയർത്തിയിട്ടുണ്ടാകും.’ എന്നായിരുന്നു മറുപടി.

തേയില തൊഴിലാളി സ്ത്രീയുടെ വേഷം കെട്ടി അവരുടെ പ്രയാസം, മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനെ അറിയിച്ചതിനെക്കുറിച്ചും ബിജിമോൾ പറയുന്നുണ്ട്. 

‘ഗുഡ്‌ഗേൾ’ ആയി തുടർന്നാൽ മതിയെന്ന ഞാൻ വിചാരിച്ചിരുന്നെങ്കിൽ തോട്ടമെല്ലാം പൂട്ടിക്കിടന്നേനെ. ഒരു സ്ത്രീ എങ്ങനെ ആയിരിക്കണമെന്ന് പൊതു സമൂഹം വരച്ചു വച്ചിട്ടുണ്ട്. പെരുമാറ്റം, സംഭാഷണം ഇതെല്ലാം നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. ആ കള്ളികൾക്കുള്ളിൽ നിൽക്കുന്നവരെല്ലാം ‘ഗുഡ് ഗേൾ’ ആണ്. അല്ലാത്തവരെല്ലാം അഹങ്കാരികളും ‘ബാഡ് ഗേൾ’ പട്ടികയിൽ വരുന്നവരും ആണ്.’ ബിജിമോൾ പറയുന്നു.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments