Pravasimalayaly

മണിപ്പുരില്‍ തുടര്‍ ഭരണവുമായി ബിജെപി; കോണ്‍ഗ്രസ് മൂന്നാമത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലില്‍ ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. മണിപ്പുരില്‍ ലീഡ് നിലയില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായി. 29 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. 15 വര്‍ഷം തുടര്‍ച്ചയായി മണിപ്പുര്‍ ഭരിക്കുകയും മണിപ്പുരിലെ പ്രതിപക്ഷവുമായ കോണ്‍ഗ്രസ് അപ്പാടെ തകരുന്ന കാഴ്ചയാണ് മണിപ്പുരില്‍. 2017ല്‍ 28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ക്കു പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. 9 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റം. പത്തിടത്തായി മുന്നേറ്റം തുടരുന്ന എന്‍പിപി മണിപ്പുരില്‍ നിര്‍ണായക ശക്തിയായി മാറുകയും ചെയ്തു. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് 8,574 വോട്ടുകള്‍ക്കു മുന്നിലാണ്. ബിജെപി മണിപ്പുരില്‍ തുടര്‍ഭരണം നേടുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും കാലഘട്ടമായിരുന്നു കഴിഞ്ഞ 5 വര്‍ഷത്തെ ബിജെപി ഭരണം. ആ നല്ല കാലഘട്ടത്തിന്റെ തുടര്‍ച്ച മണിപ്പുരില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ 70, മണിപ്പുരില്‍ 60, ഗോവയില്‍ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍.. മണിപ്പുരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലോ ഇതര പാര്‍ട്ടികളിലോ എത്തിയിരുന്നു.

Exit mobile version