കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതിൽ നിരാശപ്രകടിപ്പിച്ച് ദേശീയ നേതൃത്വം. പരാജയം വിലയിരുത്താൻ പോലും നേതാക്കൾ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഡൽഹിയിൽ തുടരുന്ന ബിജെപി നേതൃയോഗത്തിന് ശേഷം പാര്‍ടിയിലും കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത. കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ പാര്‍ട്ടിക്കുള്ളിൽതന്നെ വിമർശനങ്ങൾക്കുകാരണമായി.
ബിജെപിയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരുന്നു പശ്ചിമബംഗാളിലെ പരാജയം. അഞ്ചു സീറ്റു വരെ പ്രതീക്ഷിച്ച കേരളത്തിൽ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. വിജയസാധ്യതയുള്ള സീറ്റുകളിൽ നല്ല പ്രകടനം ഉണ്ടായില്ല. പരാജയം എന്തുകൊണ്ടെന്ന് പഠിക്കാൻ പോലും കേരള നേതാക്കൾ താല്പര്യം കാട്ടുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ഡൽഹിയിൽ തുടരുന്ന ബിജെപി ജന.സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിൽ ഉയര്‍ന്നത്.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ പാര്‍ട്ടിയിലും സര്‍ക്കാരിലുമൊക്കെ അഴിമതിച്ചുപണി വേണമെന്ന അഭിപ്രായവും ഉയരുന്നു. ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡിൽ അഞ്ച് അംഗങ്ങളുടെ ഒഴിവ് നികത്തുന്നതിനൊപ്പം തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ കൂടുതൽ കാര്യപ്രാപ്തിയുള്ള നേതാക്കളെ കൊണ്ടുവന്നേക്കും. കേരളത്തിന്‍റെ സംഘടന ചുമതലയുള്ള ബി.എൽ.സന്തോഷ് മാറുമെന്നാണ് സൂചന. ബംഗാളിന്‍റെ ചുമതലയുള്ള നേതാക്കളിലും മാറ്റങ്ങൾ വരും
ബി ജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പാളിയെന്ന് കൃഷ്ണദാസ് പക്ഷം തുറന്നടിച്ചു.
കൊടകര കുഴല്‍പ്പണ കേസ് പാര്‍ട്ടി പ്രതിച്ഛായ തകര്‍ത്തു. തിരഞ്ഞെടുപ്പിനായി അനുവദിച്ച ഫണ്ട് തിരിമറി നടന്നു. പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ ഫണ്ട് ലഭിച്ചില്ല.
സംഘടനാ സെക്രട്ടറി ഗണേശ്, കെ സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എന്നിവരാണ് എല്ലാം തീരുമാനിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.