പാലക്കാട്
.
ബിജെപി നിയോജകമണ്ഡലം കമ്മിറ്റികൾ പുനക്രമീകരിച്ചുവെന്നും 140 നിയോജക മണ്ഡലം കമ്മിറ്റികൾക്ക് പകരം ഇനി മുതൽ 280 മണ്ഡലം കമ്മിറ്റികളുണ്ടാവുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാപരമായ ഒരുക്കം പാർട്ടി തുടങ്ങി കഴിഞ്ഞു.
പാർട്ടി അച്ചടക്കം പരമപ്രധാനമായിരിക്കും. പാർട്ടിപ്രവർത്തകരിൽ നിന്നും ലഭിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് സംസ്ഥാന-ജില്ലാ പുനസംഘടനകൾ നടന്നു. ഈ മാസം അവസാനത്തോടെ പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽ വരും. പുതിയ നേതൃത്വത്തെ വളർത്തിയെടുക്കാൻ മണ്ഡലം പ്രസിഡന്റുമാരുടെ പ്രായപരിധി 45 വയസാക്കും. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവസരം നൽകും. മണ്ഡലം ഭാരവാഹി ഘടനയിൽ വ്യത്യാസമുണ്ടാവില്ലെന്നും പാർട്ടിയുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ-റെയിലിനെതിരായ സമരം ബിജെപി സംസ്ഥാനമാകെ വ്യാപിപ്പിക്കും. കെ-റെയിൽ വിരുദ്ധസമര സമിതികളുമായി ചേർന്നും സമിതി ഇല്ലാത്തിടത്ത് ബഹുജനപ്രക്ഷോഭവും സംഘടിപ്പിക്കും. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ സമരം നടത്തും. ഈ മാസം 25 ന് ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധ സംഗമങ്ങൾ നടത്തും. പാലക്കാട് പൊതുപ്രവർത്തകനായ യുവാവ് തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടും ജനപ്രതിനിധികൾ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാൻ എത്താത്തത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇ.ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഎമ്മിലും കോൺഗ്രസിലുമുള്ള മുസ്ലിം ഗ്രൂപ്പുകൾ ഒന്നിച്ചു. ഇവരെ ഭയന്നാണ് ജില്ലയിലെ ജനപ്രതിനിധികൾ സഞ്ജിത്തിന്റെ വീട്ടിൽ എത്താതിരുന്നത്.
കേരളത്തെ വർഗീയമായി വിഭജിച്ച് ലാഭം കൊയ്യാനാണ് ഇടതു-വലത് നേതാക്കളുടെ ശ്രമം. കാർഷിക നിയമം പിൻവലിക്കൽ തീരുമാനം മുട്ടുമടക്കിയതാണോ ആരുടെയെങ്കിലും മുട്ടടിപ്പിക്കുന്നതാണോ എന്ന് വരും ദിവസങ്ങളിൽ കാണാമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അതിവിടെയും കൊണ്ടുവരാൻ സിപിഎമ്മും കോൺഗ്രസും മുൻകൈ എടുക്കണമെന്നും സുരേന്ദ്രൻ പരിഹസിച്ചു. ചരിത്രത്തിൽ ആദ്യമായി നെല്ലിന്റെ താങ്ങുവില വെട്ടികുറിച്ച പിണറായി സർക്കാറിന്റെ ഇപ്പോഴത്തെ കർഷക സ്നേഹം ജനങ്ങൾക്ക് മനസ്സിലാവും. കേരളത്തിൽ ഹലാൽ ഹോട്ടലുകൾ വ്യാപകമാവുന്നുണ്ട്. മൊയ്ലിയാൻമാർ തുപ്പുന്നതാണ് ചിലയിടത്ത് ഹലാൽ ഭക്ഷണം. ഇത് കഴിക്കേണ്ടവർക്ക് കഴിക്കാം, ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ കെ.എം ഹരിദാസൻ, സംസ്ഥാന ട്രെഷറർ ഇ.കൃഷ്ണദാസ് എന്നിവരും സംബന്ധിച്ചു.