കവരത്തി
ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലക്ഷദ്വീപിലെ ബി.ജെ.പി. അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചു.
അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയെന്നും ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുമായി അഡ്മിനിസ്‌ട്രേറ്റര്‍ സഹകരിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കി. കര്‍ഷകര്‍ക്കുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. വിവിധ പദ്ധതികള്‍ നിര്‍ത്തലാക്കി. 500 താത്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു.15 സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്നും കാസിം കത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും മുഹമ്മദ് കാസിം കത്തില്‍ വ്യക്തമാക്കുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.