നേതാക്കള്‍ ഒന്നടങ്കം വന്‍ പ്രതിഷേധം ഉയര്‍ത്തി ബിജെപി തെരഞ്ഞെടുപ്പ് യോഗം ബഹിഷ്കരിച്ചു

0
48

മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം വന്‍ പ്രതിഷേധം ഉയര്‍ത്തി ബിജെപി തെരഞ്ഞെടുപ്പ് യോഗം ബഹിഷ്കരിച്ചു. ഒ രാജഗോപാൽ, സി കെ പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 25ഓളം നേതാക്കളുടെ ബഹിഷ്കരണം. സംസ്ഥാന ഭാരവാഹികൾ, ജില്ലാ, മേഖലാ പ്രസിഡന്റുമാർ എന്നിവരുടെ ഓൺലൈൻ യോഗമാണ് ബഹിഷ്കരിച്ചത്. ശോഭാ സുരേന്ദ്രൻ, പി എം വേലായുധൻ എന്നിവരെപ്പോലെ പരസ്യ പ്രതികരണം നടത്തുന്നില്ലെങ്കിലും നിസ്സഹകരണത്തിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തുകയാണ് മുതിര്‍ന്ന നേതാക്കൾ.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും വിഭാഗീയതയ്ക്ക് പരിഹാരമുണ്ടാക്കാൻ കഴിയാതെ പ്രതിസന്ധിയിലായ കെ സുരേന്ദ്രനെ ഞെട്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം മുതിർന്ന നേതാക്കൾ ബഹിഷ്കരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കാരണമാണ് പല നേതാക്കളും യോഗത്തിൽ പങ്കെടുക്കാത്തതെന്നും ഒ രാജഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ വലിയ തിരക്കിലാണെന്നുമാണ് സുരേന്ദ്ര പക്ഷം പ്രതികരിച്ചത്. ശോഭാ സുരേന്ദ്രൻ പക്ഷെ മാസങ്ങളായി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്നും അവർ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും ഇവർ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ കാര്യത്തിൽ നയം വ്യക്തമാക്കുമ്പോഴും എ എൻ രാധാകൃഷ്ണൻ തുടർച്ചയായി യോഗങ്ങൾ ബഹിഷ്കരിക്കുന്നത് കെ സുരേന്ദ്രനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. കെ സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് അയച്ചിരുന്നു. ഇതിന് ശേഷമാണ് പാർട്ടിയുടെ പ്രധാനപ്പെട്ട യോഗത്തിൽ നിന്ന് നേതാക്കൾ വിട്ടുനിന്നത്.
പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും നേരത്തെ തൃശൂരിൽ നടന്ന യോഗത്തിലും പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് നടന്ന യോഗത്തിലും എ എൻ രാധാകൃഷ്ണന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അടുത്ത യോഗത്തിൽ രാധാകൃഷ്ണൻ പങ്കെടുക്കുമെന്നായിരുന്നു കെ സുരേന്ദ്രൻ മറുപടി നൽകിയത്.
കേന്ദ്രമന്ത്രി വി മുരളീധരനെതിരെ നേരത്തെ ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ദേശീയ നേതൃത്വം ഇടപെട്ട് ആ പരാതി തല്ക്കാലം പുറത്തുവരാതെ ഒതുക്കിത്തീർക്കുകയായിരുന്നു. ഇത്തരത്തിൽ പരാതി നൽകിയതിന് ശേഷമാണ് വി മുരളീധരനും കെ സുരേന്ദ്രനും കടുത്ത പകയോടെ ശോഭാ സുരേന്ദ്രനെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഫേസ് ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
കെ സുരേന്ദ്രനു കീഴിൽ ഒരു പദവിയും വഹിക്കില്ലെന്ന് തുറന്നടിച്ച നേതാവാണ് എ എൻ രാധാകൃഷ്ണൻ. സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരാണ് ശോഭാ സുരേന്ദ്രനും രാധാകൃഷ്ണനും എം ടി രമേശും. ശോഭയ്ക്ക് പിന്നാലെ എ എൻ രാധാകൃഷ്ണനും തന്റെ എതിർപ്പ് അറിയിച്ചുകൊണ്ടാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്.
പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന പി എം വേലായുധൻ ഉൾപ്പെടെയുള്ളവരുമായി രാധാകൃഷ്ണൻ നേരത്തെ ചർച്ച നടത്തുകയും ചെയ്തിരുന്നു. ശോഭാ സുരേന്ദ്രനും രാധാകൃഷ്ണനും പുറമെ മറ്റ് നേതാക്കളും പ്രത്യക്ഷത്തിൽ തങ്ങൾക്കെതിരെ തിരിയുന്നത് സുരേന്ദ്രനെയും വി മുരളീധരനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ആദ്യം മൗനം പാലിക്കുകയും പിന്നീട് പരസ്യപ്രതികരണവുമായി രംഗത്തെത്തുകയും ചെയ്ത ശോഭാ സുരേന്ദ്രൻ ശ്രദ്ധയോടെയുള്ള നീക്കങ്ങളാണ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ രാഷ്ട്രീയ ജീവിതം തന്നെ ഇല്ലാതാക്കാൻ നീക്കം നടത്തുന്ന കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ, ഇവരോട് എതിർപ്പുള്ള നേതാക്കളെ കൂട്ടുപിടിച്ച് നേരിടാനാണ് തീരുമാനം.
പാർട്ടിക്ക് കേരളത്തിൽ യാതൊരു കരുത്തുമില്ലാതിരുന്ന കാലം മുതൽ പ്രവർത്തിച്ചുവന്ന ശോഭാ സുരേന്ദ്രനെ അധികാരമോഹി ആയാണ് കെ സുരേന്ദ്രൻ വിഭാഗം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അവരെ അപമാനപ്പെടുത്തുന്ന പ്രചരണവും ഇവർ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ മിസോറാം ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരൻ പിള്ളയെ ഉൾപ്പെടെ കണ്ട് പിന്തുണ തേടിയത്.
രഹസ്യമായി യോഗം ചേർന്ന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ കടുത്ത തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും മുതിർന്ന നേതാക്കളുടെ അഭ്യർത്ഥന പ്രകാരം ഇവര്‍ പിറകോട്ടുപോവുകയായിരുന്നു. സുരേന്ദ്രന് കീഴടങ്ങി പാർട്ടി വിടാതെ തന്ത്രപരമായ നീക്കങ്ങളിലൂടെ അവരെ മുട്ടുകുത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വരും ദിവസങ്ങളിൽ അതെല്ലാം വ്യക്തമാക്കുമെന്നും ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ശോഭയെക്കുറിച്ചുള്ള പല രഹസ്യങ്ങളും പുറത്താക്കുമെന്ന് സുരേന്ദ്രൻ അനുകൂലികൾ പറഞ്ഞു.

Leave a Reply