യുക്രെയ്‌നിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി എസ്.ജി. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ സർക്കാർ നടത്തുന്നതിനിടെ വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ അരവിന്ദ് ബെള്ളാഡ്.
മൃതദേഹം വിമാനത്തിൽ കൊണ്ടുവരാൻ കൂടുതൽ സ്ഥലം വേണ്ടിവരുമെന്നും മൃതദേഹത്തിനായി മാറ്റിവെക്കുന്ന സ്ഥലത്ത് കുറഞ്ഞത് എട്ടുപേരെയെങ്കിലും കൂടുതലായി നാട്ടിലെത്തിക്കാനാകുമെന്നുമായിരുന്നു അരവിന്ദ് ബെള്ളാഡിന്റെ വിവാദ പരാമർശം. നവീൻറെ മൃതദേഹത്തേക്കാൾ അവിടെ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിന് പരിഗണന നൽകണമെന്ന് നേരത്തേ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നെങ്കിലും മൃതദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് എം.എൽ.എയുടെ പ്രസ്താവനയെന്ന വിമർശനമാണ് ഉയർന്നത്.
നവീൻറെ മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനാൽതന്നെ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻതന്നെ പ്രയാസമാണ്. അതിനേക്കാൾ ബുദ്ധിമുട്ടാണ് മൃതദേഹം കൊണ്ടുവരുകയെന്നും അരവിന്ദ് പറഞ്ഞു. രാജ്യത്ത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിധം മെഡിക്കൽ കോഴ്‌സുകളുടെ ഫീസ് നിജപ്പെടുത്താത്തതിന് ഉത്തരവാദി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണെന്നും എം.ബി.ബി.എസ് സീറ്റുകൾക്ക് കൃത്രിമ ഡിമാൻഡ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.