Saturday, November 23, 2024
HomeLatest Newsബി ജെ പി യുടെ തമിഴ് നാട്ടിലെ സംസ്ഥാന "വെട്രിവേൽ യാത്ര" പരിപാടിക്കെതിരെ ദലിത് രാഷ്ട്രീയ...

ബി ജെ പി യുടെ തമിഴ് നാട്ടിലെ സംസ്ഥാന “വെട്രിവേൽ യാത്ര” പരിപാടിക്കെതിരെ ദലിത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ : തമിഴ്നാട്ടിൽ ഭിന്നതയൊരുക്കാൻ അനുവദിക്കില്ലന്ന് തിരുമാവളവൻ

സമത്വത്തിന്റെ രാഷ്ട്രീയം പറഞ്ഞ പെരിയാറിന്റെ നാടാണ് തമിഴ്നാട്. ഇപ്പോഴും പെരിയാറിന്റെ ആശയങ്ങൾ നെഞ്ചേറ്റുന്ന മനുഷ്യർ ഒരുപാടുള്ള നാട് വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചർച്ചകളിലേക്ക് കടക്കുകയാണ്. രണ്ട് പ്രധാന സഖ്യങ്ങളുടേയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി. ഡി.എം.കെ. സഖ്യത്തെ എം.കെ. സ്റ്റാലിനും അണ്ണാ ഡി.എം.കെ. നേതൃത്വം നൽകുന്ന സഖ്യത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നയിക്കും. സഖ്യത്തിലെ പാർട്ടികൾക്ക് ലഭിക്കേണ്ട പരിഗണന സംബന്ധിച്ചാണ് ഇനിയുള്ള സംശയങ്ങൾ. ഡി.എം.കെ. സഖ്യത്തിൽ കാര്യമായ തർക്കങ്ങൾക്ക് സാധ്യതയില്ല. മതേതര നിലപാടുകൾ ഉയർത്തുന്നതും ദളിത് രാഷ്ട്രീയം പറയുന്നതുമായ പാർട്ടികളാണ് ആസഖ്യത്തിൽ ഏറെയുമുള്ളത്. ബി.ജെ.പി. കൂടിയുള്ള അണ്ണാ ഡി.എം.കെയുടെ സഖ്യത്തിലേക്ക് അതിനാൽ തന്നെ ഡി.എം.കെ. സഖ്യത്തിൽനിന്ന് ഏതെങ്കിലും പാർട്ടി പോകാൻ സാധ്യത തീരെ കുറവാണ്. രണ്ട് സഖ്യത്തിലുമില്ലാതെ ഒറ്റയ്ക്ക് നിന്നാൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഈ പാർട്ടികൾക്ക് കഴിയുകയുമില്ല. കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ നിലപാടുകൾ എന്ത് എന്നത് തെളിഞ്ഞു വരുന്നേയുള്ളു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. തമിഴ്നാട്ടിൽ ഒരു സംസ്ഥാന യാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വെട്രിവേൽ യാത്ര എന്നാണ് ഒരു മാസം നീണ്ടു നിൽക്കുന്ന യാത്രയുടെ പേര്. സഖ്യത്തിൽ അറുപത് സീറ്റിൽ മത്സരിക്കുമെന്ന് സ്വയമേ പ്രഖ്യാപിച്ച ബി.ജെ.പി. ആ സീറ്റുകൾ വീതിച്ച് ലഭിക്കാൻ വേണ്ടിയുള്ള ശക്തിപ്രകടനമായി ഈ യാത്രയെ അണ്ണാ ഡി.എം.കെയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രണ്ടാമത്തെ കാര്യം യാത്രയുടെ വിഷയവും അത് ബി.ജെ.പി. അവതരിപ്പിക്കുന്ന രീതിയുമായി ബന്ധപ്പെട്ടതാണ്. തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളിൽ വലിയ വിഭാഗവും പ്രധാനമായി പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേൽ. ആ വേലിനെ ഉയർത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്ന് പറയുന്നു ബി.ജെ.പി. നേതാക്കൾ. ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, വീട്, ഭൂമി, വികസനം തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയകക്ഷികൾ ഉയർത്തിക്കാണിക്കുന്ന ഒരു വിഷയവും ഈ യാത്രയുടെ മുദ്രാവാക്യത്തിന്റെ പട്ടികയിൽ ബി.ജെ.പി. ഉൾപ്പെടുത്തിയിട്ടില്ല. മുരുകനെ സംരക്ഷിക്കാൻ ഹിന്ദു സമൂഹം ഒന്നിച്ചു നിൽക്കണം എന്ന് ആവശ്യപ്പെടുന്നു തമിഴ്നാട്ടിലെ ബി.ജെ.പി. നേതൃത്വം. എൽ. മുരുകൻ എന്തുകൊണ്ട് മുരുകൻ? വെട്രിവേൽ യാത്രയെക്കുറിച്ച് വിശദാംശങ്ങൾ ആരായാൻ ബി.ജെ.പി. നേതാക്കളിൽ ഒരാളായ ഗായത്രി രഘുറാമുമായി സംസാരിച്ചിരുന്നു. അവർ പറഞ്ഞത്, ദൈവത്തേയും തമിഴ് ജനതയുടെ അഭിമാനത്തേയും സംരക്ഷിക്കാൻ വേണ്ടിയുള്ള യാത്രയാണ് ഇത് എന്നാണ്. നിങ്ങൾ കേരളത്തിൽ എങ്ങനെയാണോ അയ്യപ്പസ്വാമിയെ കാണുന്നത് അതേ പോലെയാണ് ഇവിടെ മുരുകൻ. ആ മുരുകനെ അവഹേളിക്കാൻ ചിലർ ശ്രമിക്കുന്നു. അത് ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും.- ഗായത്രി പറഞ്ഞു. കറുപ്പോർ കൂട്ടം എന്ന ഒരു പെരിയാറിസ്റ്റ് കൂട്ടായ്മയുണ്ട് തമിഴ്നാട്ടിൽ. അവരുടെ യൂട്യൂബ് ചാനലിൽ വന്ന ഒരു വീഡിയോ കഴിഞ്ഞ ജൂലൈ മാസം വിവാദത്തിലായി. മുരുകനെ സ്തുതിക്കുന്ന സ്കന്ദ ഷഷ്ഠി കവചം എന്ന കൃതിയെ കളിയാക്കി കറുപ്പോർ കൂട്ടം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് ബി.ജെ.പിയും മറ്റ് സംഘപരിവാർ പ്രസ്ഥാനങ്ങളും രംഗത്ത് വന്നു. ബി.ജെ.പി. നൽകിയ പരാതിയിൽ കറുപ്പോർ കൂട്ടം കൂട്ടായ്മയിൽ ഉള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി.എം.കെയുമായി ബന്ധമുള്ള പെരിയാറിസ്റ്റുകൾ മുരുകനെയും അതുവഴി ഹിന്ദു സമൂഹത്തേയും മോശമായി ചിത്രീകരിച്ചു എന്ന് ബി.ജെ.പി. പ്രചാരണം ആരംഭിച്ചു. എന്നാൽ കറുപ്പോർ കൂട്ടവുമായി ഒരു ബന്ധവും ഇല്ലാ എന്ന് ഡി.എം.കെ. പ്രസ്താവനയിറക്കി. വിഷയം തുടർന്നും സജീവമായി ഏറ്റെടുത്ത ബി.ജെ.പി., പെരിയാറിസ്റ്റുകൾ ഹിന്ദു വിരുദ്ധരാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും പുറത്തും പ്രചാരണം ശക്തമാക്കി. ബി.ജെ.പി. നേതാക്കളുടെ പല പരിപാടികളിലും മുരുകന്റെ ആയുധമായ വേൽ കണ്ടു തുടങ്ങി. തുടർന്നാണ് ഇപ്പോൾ മുരുകനെ സംരക്ഷിക്കാനെന്ന മുദ്രാവാക്യം ഉയർത്തി ബി.ജെ.പി. തമിഴ്നാടിന്റെ വടക്ക് നിന്ന് തുടങ്ങി തെക്ക് വരെ യാത്ര നടത്തുന്നത്. ആറുപടൈ വീട് തമിഴ്നാടിന്റെ പല ഭാഗത്തായി സ്ഥിതിചെയ്യുന്ന ആറ് മുരുകൻ ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്ന പേരാണ് ആറുപടൈ വീട്. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള തിരുത്തണിയിലാണ് ഇതിൽ ഒരു ക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തിൽ നിന്ന് നവംബർ ആറിന് വേൽ യാത്ര ആരംഭിക്കും. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ എൽ. മുരുകനാണ് യാത്ര നയിക്കുക. തുടർന്ന് പല ജില്ലകളിലൂടെ കടന്ന് തഞ്ചാവൂരിലെ സ്വാമിമലൈ, മധുരയിലെ തിരുച്ചെന്തൂർ, പഴമുതിർച്ചേലൈ, പഴനി എന്നിവിടങ്ങളിലും ആറുപടൈവീടിൽ ഉൾപ്പെടാത്ത, എന്നാൽ വളരെയധികം ആളുകൾ ദർശനം നടത്തുന്ന കോയമ്പത്തൂരിലെ മരുതമലൈ സുബ്രഹ്മണ്യ ക്ഷേത്രത്തിലും പോയ ശേഷം ഡിസംബർ ആറിന് തമിഴ്നാടിന്റെ തെക്കേയറ്റത്ത് തൂത്തൂക്കുടിയിലെ തിരിച്ചെന്തൂർ ക്ഷേത്ര പരിസരത്ത് യാത്ര സമാപിക്കും. മുരുകന്റെ ആയുധമായ വേൽ ആണ് യാത്രയുടെ ചിഹ്നം. വേലിൽനിന്ന് താമര വിരിഞ്ഞു വരുന്നത് കാണിച്ചു കൊണ്ടാണ് വേൽയാത്രയുടെ പ്രചാരണ വീഡിയോ തുടങ്ങുന്നത്. തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ പ്രധാന ദൈവസങ്കൽപ്പമായ മുരുകന്റെ വേലുമേന്തി, മുരുകൻ എന്നു പേരുള്ള ബി.ജെ.പി. നേതാവും അനുയായികളും മുരുകനെ സംരക്ഷിക്കാൻ നടത്തുന്ന യാത്ര എന്നാണ് ബി.ജെ.പി. ഈ യാത്രയെ അടയാളപ്പെടുത്തുന്നത്. യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള നേതാക്കളേയും യാത്രയുടെ പലഘട്ടങ്ങളിലായി പങ്കെടുപ്പിക്കാൻ തീരുമാനമുണ്ട്. ഏഴ് ക്ഷേത്രങ്ങൾക്ക് സമീപവും വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് പൊതുയോഗത്തിനും ആലോചനയുണ്ട്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പോലീസ് പൊതുയോഗങ്ങൾക്ക് അനുമതി നൽകാൻ സാധ്യതയില്ലാത്തതിനാൽ ഈ ആലോചന ഉപേക്ഷിച്ചേക്കുമെന്നും അറിയുന്നു. എ.ഐ.എ.ഡി.എം.കെ. നേതാക്കൾ തമിഴ്നാട് മുൻ ബിജ.പി. പ്രസിഡന്റ് തമിഴിസൈയോടൊപ്പം പ്രതിപക്ഷ പ്രതിഷേധം ബി.ജെ.പിയുടെ വെട്രിവേൽ യാത്രയ്ക്കെതിരെ ശക്തമായ എതിർശബ്ദങ്ങളും തമിഴ്നാട്ടിൽ ഉയരുന്നുണ്ട്. മതപരമായി തമിഴ്നാടിനെ വിഭജിക്കാനായാണ് യാത്ര സംഘടിപ്പിക്കുന്നത് എന്ന് ആരോപിച്ച് വിടുതലൈ ചിരുതൈ കക്ഷി നേതാവും എം.പിയുമായ ഡോ. തോൾ തിരുമാവളവൻ രംഗത്ത് വന്നു. ഈ കാരണം കൊണ്ട് യാത്രയ്ക്ക് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് തിരുമാവളവൻ ഡി.ജി.പിക്ക് കത്തും നൽകി. സി.പി.എമ്മും എതിർപ്പ് ഉയർത്തുന്നുണ്ട്. കലാപ രാഷ്ട്രീയം തമിഴ്നാട്ടിലും വളർത്തിയെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ പറഞ്ഞു. കോവിഡ് കാലത്ത് ഇത്തരം യാത്രകൾക്ക് അനുമതി നൽകരുത് എന്ന് സി.പി.എം. സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്കെതിരെ പ്രത്യക്ഷത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായ സഖ്യകക്ഷി അണ്ണാ ഡി.എം.കെയുടെ നേതാക്കളും ഇപ്പോൾ പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എം.ജി.ആറിന്റെ ചിത്രം വെട്രിവേൽ യാത്രയുടെ പ്രചാരണ വീഡിയോയിൽ ഉപയോഗിച്ചതാണ് അണ്ണാ ഡി.എം.കെയെ ചൊടിപ്പിച്ചത്. പൊൻമനച്ചെമ്മൽ(തങ്കംപോലെ മനസ്സുള്ള മനുഷ്യൻ എന്ന അർത്ഥത്തിൽ) എന്ന വിളിപ്പേരുമുണ്ട് എം.ജി.ആറിന്. ആ എം.ജി.ആറിനെപ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്നാണ് എം.ജി.ആറിന്റെയും മോദിയുടേയും ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണ വീഡിയോയിൽ ബി.ജെ.പി പറയുന്നത്. എം.ജി.ആറിനെ ആർക്കും സ്വന്തമാക്കാനാകില്ല, അദ്ദേഹം ഞങ്ങളുടെ സ്ഥാപക നേതാവാണ് എന്ന് അണ്ണാ ഡി.എം.കെ. ഉന്നതാധികാര സമിതി അംഗവും മന്ത്രിയുമായ ഡി. ജയകുമാർ ബി.ജെ.പി. നടപടിയോട് പ്രതികരിച്ചു. പാർട്ടിയിലെ മറ്റ് നേതാക്കളും ബി.ജെ.പിയെവിമർശിച്ചു. എന്നാൽ ദേശീയ കാഴ്ചപ്പാടുള്ളയാളാണ് എം.ജി.ആർ. എന്ന് പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. രാമ ശ്രീനിവാസൻ എം.ജി.ആറിനെ ഇനിയും ആഘോഷിക്കുമെന്നും ബഹുമാനിക്കുമെന്നും പറഞ്ഞു. സർദാർ പട്ടേലിനെ ബി.ജെ.പി. ഏറ്റെടുത്ത് ആഘോഷിക്കുന്നതിന്റെ തമിഴ് പതിപ്പാകുമോ എം.ജി.ആറിനോടുള്ള ബി.ജെ.പിയുടെ സ്നേഹം എന്ന് അണ്ണാ ഡി.എം.കെയുടെ നേതാക്കൾ ഭയക്കുന്നു. കാരണം എം.ജി.ആർ. എന്ന താരമാണ് ആ പാർട്ടിയുടെ പ്രധാന അടിത്തറ. ആ അടിത്തറ ബി.ജെ.പി. മാന്തിയാൽ ഇപ്പോഴത്തേതിലും ഗുരുതരമാകും അണ്ണാ ഡി.എം.കെയിലെ പ്രതിസന്ധി. മുരുകനിലൂടെ ബി.ജെ.പി. വെട്ടുന്ന വഴി 2021 ഏപ്രിൽ, മെയ് മാസങ്ങളിലായി തമിഴ്നാട് പോളിങ്ങ് ബൂത്തിലേക്ക് പോകും. നിയമസഭയിൽ ഒരു സീറ്റു പോലുമില്ലാത്ത ബി.ജെ.പി. പക്ഷേ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. അണ്ണാ ഡി.എം.കെയുമായുള്ള സഖ്യത്തിലൂടെ പത്ത് സീറ്റിലെങ്കിലും വിജയിക്കാം എന്ന് കണക്ക് കൂട്ടുന്നു പാർട്ടി. അറുപത് സീറ്റിൽ മത്സരിക്കുമെന്നാണ് പാർട്ടി നേതാക്കൾ പൊതുവേദിയിൽ പ്രഖ്യാപിച്ചത്. ഈ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിൽ ബി.ജെ.പി. പ്രബല ശക്തിയാകുമെന്നും പ്രഖ്യാപിച്ചു. അറുപത് സീറ്റൊന്നും അണ്ണാ ഡി.എം.കെ. ഈ ഘട്ടത്തിൽ ബി.ജെ.പിക്ക് വിട്ടു കൊടുത്താൻ സാധ്യതയില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെ തകർന്നടിഞ്ഞ പാർട്ടിക്ക് തിരിച്ചു വരണം. ബി.ജെ.പിക്ക് 60 സീറ്റ് കൊടുത്താൽ അഥവാ മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചാലും ഒറ്റയ്ക്ക് ഭരിക്കാൻ പറ്റില്ല എന്ന് അവർ ഭയക്കുന്നു. തിരഞ്ഞെടുപ്പിൽ സഖ്യമൊക്കെയായി മത്സരിക്കുമെങ്കിലും മന്ത്രിസഭയിൽ സഖ്യകക്ഷികളെ പരിഗണിക്കാതിരിക്കുന്നതാണ് തമിഴ്നാട്ടിൽ രണ്ട് ദ്രാവിഡപ്പാർട്ടികളും തുടർന്ന് പോരുന്ന പതിവ്. ഈ പതിവ് മാറ്റുമെന്നും തങ്ങൾ മന്ത്രിസഭയിൽ ഉണ്ടാകുമെന്നും ബി.ജെ.പി. നേതാവ് പൊൻ രാധാകൃഷ്ണൻ പരസ്യമായി പ്രഖ്യാപിച്ചതും അണ്ണാ ഡി.എം.കെയ്ക്ക് ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. പക്ഷേ, ഇതെല്ലാം ഭരണം കിട്ടിക്കഴിഞ്ഞുള്ള കാര്യമാണ്. ആദ്യം സീറ്റ് വിഭജനം നടക്കണം, പിന്നീട് മത്സരിച്ച് ജയിക്കണം. അതിനുള്ള മണ്ണൊരുക്കുകയാണ് ബി.ജെ.പി. തമിഴകത്ത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ട് ശതമാനം പരിശോധിക്കാം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ് പാർട്ടികളുമായി സഖ്യമുണ്ടാക്കി മത്സരിച്ച് 5.56 ശതമാനം വോട്ട്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ വോട്ട് ശതമാനം 2.86 ആയി കുറഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച് 3.66 ശതമാനം വോട്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽത്തന്നെ ബി.ജെ.പിക്ക് അഞ്ച് ശതമാനത്തിൽ താഴെ ലഭിച്ച ഏക സംസ്ഥാനം തമിഴ്നാട് ആണ്. മഹാഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളായ തമിഴ്നാട്ടിൽ മുരുകനിൽ വിശ്വസിക്കുന്നവരുടെ അനുകൂല മനസ്ഥിതിയുണ്ടായാൽ, അത് വോട്ടാക്കി മാറ്റിയാൽ മുന്നേറ്റമുണ്ടാക്കാനാകും എന്ന് ബി.ജെ.പി. കരുതുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനവും പറഞ്ഞ് അണ്ണാ ഡി.എം.കെയോട് സീറ്റിന് വിലപേശാൻ കഴിയില്ല. അതിന് ചില സമ്മർദ്ദതന്ത്രങ്ങൾ കൂടി വേണം. ഇപ്പോൾ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമ്മർദ്ദതന്ത്രങ്ങൾക്ക് പുറമേ, മുരുകനും വേലും ഇവിടെക്കൂടി ആയുധമാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മനുസ്മൃതി ഇതിനിടയിൽ മനുസ്മൃതിയുമായി ബന്ധപ്പെട്ട വിവാദവും ബി.ജെ.പി. ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട്. വി.സി.കെ. നേതാവ് തിരുമാവളവൻ എം.പി. ഒരു വെബിനാറിൽ മനുസ്മൃതിയിലെ ഒരു ഭാഗം ഉദ്ധരിച്ച് സംസാരിച്ചിരുന്നു. വെബിനാർ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ഈ പരാമർശത്തിനെതിരെ ബി.ജെ.പി. രംഗത്ത് വന്നു. തരുമാവളവൻ ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്നാണ് ബി.ജെ.പിക്കായി ഖുഷ്ബു സുന്ദർ ആരോപിച്ചത്. മറ്റ് ബി.ജെ.പി. നേതാക്കളും ഈ ആരോപണം ഏറ്റെടുത്തു. തിരുമാവളവൻ മാപ്പ് പറയണം എന്ന് ആവശ്യം ഉന്നയിച്ച് ബി.ജെ.പി. സമരവും നടത്തി. എന്നാൽ മനുസ്മൃതിയിൽ എഴുതിവെച്ച കാര്യമാണ് താൻ പറഞ്ഞത്, മനുസ്മൃതി നിരോധിക്കുകയാണ് വേണ്ടത് എന്ന ന്യായവാദമുയർത്തി സംസ്ഥാനത്താകെ തിരുമാവളവന്റെ നേതൃത്വത്തിൽ വി.സി.കെ. പ്രവർത്തകർ പ്രതിഷേധം നടത്തി. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് പാർട്ടിയാണ് തിരുമാവളവന്റെ വി.സി.കെ. തമിഴ്നാട്ടിൽ ഈ കാലം വരെ പെരിയാറിന്റെ ആശയം അത്രയധികം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. കക്ഷി രാഷ്ട്രീയം നിങ്ങളുടെ ആശയത്തെ ഇല്ലാതാക്കും എന്ന് അണ്ണാ ദുരൈയ്ക്ക് പെരിയാർ മുന്നറിയിപ്പ് നൽകിയെങ്കിലും അണ്ണാ, ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. അതിൽനിന്ന് പിന്നീട് അണ്ണാ ഡി.എം.കെയുണ്ടായി. ഡി.എം.കെയും അണ്ണാ ഡി.എം.കെയും മാറിമാറി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. കേന്ദ്രത്തിലും സംസ്ഥാനത്തും സഖ്യപരീക്ഷണം നടത്തി. പക്ഷേ ആ കാലത്തൊക്കെയും ബി.ജെ.പി. ഏതെങ്കിലും ദ്രാവിഡപ്പാർട്ടിക്ക് മുകളിൽ സമ്മർദ്ദശക്തിയായിരുന്നില്ല. അഴിമതി ആരോപണങ്ങൾ നിരവധി നേരിട്ട അണ്ണാ ഡി.എം.കെ. നേതൃത്വം ബി.ജെ.പിയുമായി സഖ്യം തുടരുകയാണ് തമിഴ്നാട്ടിൽ. ബി.ജെ.പി. വളർത്തിയെടുക്കാൻ ശ്രമിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ആദ്യം അണ്ണാ ഡി.എം.കെയിലും പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിലും എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? മാറ്റമുണ്ടാകുമെങ്കിൽ ഏത് വിധത്തിലുള്ളതാവും, ആർക്ക് നേട്ടം, ആരെല്ലാം കളമൊഴിയേണ്ടി വരും തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ തുടക്കമായിരിക്കും ഇത്തവണത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments