Pravasimalayaly

ആറു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

ആറു സംസ്ഥാനങ്ങളിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ബിഹാറിലെ ഗോപാല്‍ഗഞ്ജ്, ഉത്തര്‍പ്രദേശിലെ ഗോല ഗോകരണ്‍നാഥ്, ഹരിയാനയിലെ അദംപൂര്‍ സീറ്റുകളില്‍ ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കുസുംദേവിയാണ് ഗോപാല്‍ ഗഞ്ജില്‍ വിജയിച്ചത്.

യുപിയിലെ ഗോലാ ഗോകരണ്‍നാഥ് ബിജെപി നിലനിര്‍ത്തി. ബിജെപിയുടെ അമന്‍ ഗിരി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിനയ് തിവാരിയെയാണ് പരാജയപ്പെടുത്തിയത്. അമന്‍ ഗിരിയുടെ പിതാവ് അരവിന്ദ് ഗിരി മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ബിഹാറിലെ മൊകാമ സീറ്റ് ആര്‍ജെഡി നിലനിര്‍ത്തി. ആര്‍ജെഡിയുടെ നീലം ദേവിയാണ് വിജയിച്ചത്. ഇവരുടെ ഭര്‍ത്താവ് ആനന്ദ് സിംഗ് ആയുധക്കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഹരിയാനയിലെ അദംപൂരില്‍ ബിജെപിയുടെ ഭവ്യ ബിഷ്ണോയി വിജയിച്ചു. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനായ കുല്‍ദീപ് ബിഷ്ണോയിയുടെ മകനാണ് ഭവ്യ ബിഷ്ണോയി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തന്റെ വിജയമെന്ന് ഭവ്യ ബിഷ്ണോയി പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷം സ്ഥാനാര്‍ത്ഥി വിജയിച്ചു. റുതുജ ലാട്കെയാണ് വിജയിച്ചത്. നോട്ടയാണ് രണ്ടാം സ്ഥാനത്തെത്തിയത്. റുതുജയ്ക്കെതിരെ ബിജെപി-ശിവസേന (ഏക്നാഥ് ഷിന്‍ഡേ പക്ഷം) സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.  
തെലങ്കാനയിലെ മുനുഗോഡെയില്‍ തെലങ്കാന രാഷ്ട്രസമിതിയുടെ കെ പ്രഭാകര്‍ റെഡ്ഡി ലീഡ് തുടരുകയാണ്. ബിജെപിയുമായി കടുത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഒഡീഷയിലെ ദാംനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സൂര്യവംശി സുരാജും ലീഡ് ചെയ്യുകയാണ്.

Exit mobile version