സി.പി.എം പ്രവര്‍ത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോലിലെ കൊരമ്പില്‍ താഴെകുനിയില്‍ ശ്രീമുത്തപ്പന്‍ വീട്ടില്‍ ഹരിദാസിനെ (54) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. ബി.ജെ.പി തലശ്ശേരി മണ്ഡലം സെക്രട്ടറി പ്രജിത്ത് എന്ന മൾട്ടി പ്രജിയാണ് (32) ചൊവ്വാഴ്ച രാത്രി വൈകി അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ചൊവ്വാഴ്ച അറസ്റ്റിലായ പ്രജി ഉൾപ്പെടെയുള്ള ഏഴ് പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. പ്രജീഷ് എന്ന മൾട്ടി പ്രജി (32), ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരായ പുന്നോൽ എസ്.കെ മുക്കിലെ കരോത്ത് താഴെ കുനിയിൽ പൊച്ചറ ദിനേശൻ (45), പുന്നോലിലെ കടമ്പേരി പ്രജിത്ത് എന്ന പ്രജൂട്ടി (35), ടെമ്പിള്‍ഗേറ്റ് സ്വദേശി സോപാനം വീട്ടില്‍ കെ. അഭിമന്യു (22), പുന്നോല്‍ ചാലിക്കണ്ടി വീട്ടില്‍ സി.കെ. അശ്വന്ത് (23), ചാലിക്കണ്ടി വീട്ടില്‍ ദീപക് സദാനന്ദന് (29), കിഴക്കഴില്‍ വീട്ടില്‍ സി.കെ. അര്ജുന് (23) എന്നിവരെയാണ് ബുധനാഴ്ച റിമാൻഡ് ചെയ്തത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. മൾട്ടി പ്രജി, പൊച്ചറ ദിനേശൻ, പ്രജൂട്ടി എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.