പനാജി
49ാം മിനുട്ടില്‍ എനസ് സിപോവിച് നേടിയ ഗോളിനാണ് വിജയം. എല്‍ ഖോല്‍റിങിന്റെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. തന്റെ സമീപത്തേക്ക് കുതിച്ചു വന്ന പന്ത് അല്‍പം ഉയര്‍ന്നു ചാടിയുള്ള ഹെഡ്ഢറിലൂടെ സിപോവിച് പോസ്റ്റിലേക്ക് ചെത്തിയിടുകയായിരുന്നു. പോസ്റ്റിന്റെ വലതു മൂലയിലേക്ക് വന്ന പന്ത് സേവ് ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ ഗോളി ആവുന്നത്ര ശ്രമിച്ചെങ്കിലും വിഫലമായി. ഏക ഗോളിനെ മത്സരത്തിന്റെ അവസാനം വരെ പ്രതിരോധിച്ചു നിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. പല ഘട്ടങ്ങളിലും ഈ പ്രതിരോധത്തെ കീറിമുറിച്ച് കടക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചുവെങ്കിലും ഫിനിഷിങില്‍ വന്ന പിഴവുകള്‍ അവര്‍ക്ക് വിനയായി. മത്സരത്തില്‍ 52 ശതമാനം പൊസഷന്‍ ഈസ്റ്റ് ബംഗാളിനായിരുന്നു. പലപ്പോഴും ഈസ്റ്റ് ബംഗാളിന്റെ മികവുറ്റ ആക്രമണങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെടുകയായിരുന്നു. നല്ല ചില അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സും നഷ്ടപ്പെടുത്തി. അന്ത്യ നിമിഷങ്ങളില്‍ ഈസ്റ്റ് ബംഗാള്‍ പരുക്കന്‍ കളി പുറത്തെടുക്കുകയും ചെയ്തു.
നിര്‍ണായക വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 26 പോയിന്റോടെ ആറില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. ടൂര്‍ണമെന്റില്‍ 17 മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പത്ത് പോയിന്റുമായി പത്താമതാണ്. 16 കളികളില്‍ നിന്ന് 29 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്തുള്ളത്. 15 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഏഴാമത്തെ വിജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ജാംഷഡ്പുര്‍ എഫ് സിയോട് ഏകപക്ഷീയമായി മൂന്ന് ഗോളിന് തോറ്റതിന്റെ ഖേദം തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു.