Pravasimalayaly

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ അനധികൃത ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി, പത്തുലക്ഷം രൂപ പിഴയും

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ കമ്പനി അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് പൊളിച്ചുകളയാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. തീരദേശ നിയന്ത്രണ മേഖലയില്‍ ഫ്ലോര്‍ സ്പേസ് ഇന്‍ഡക്സ് ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന് കോടതി നിര്‍ദേശം നല്‍കി. മുംബൈ ജുഹാ മേഖലയിലാണ് ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ ആര്‍ ഡി ധനുക, കമാല്‍ ഖട്ട എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തവിട്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.മന്ത്രിക്ക് പത്തു ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തുക മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണം. സുപ്രീംകോടതിയെ സമീപിക്കാനായി വിധി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന നാരായണ്‍ റാണെയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകച്ചില്ല.

റാണെയുടെ കുടുംബം നടത്തുന്ന കാല്‍ക റിയല്‍ എസ്റ്റേറ്റ് എന്ന കമ്പനിയാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപകാതകള്‍ പരിഹരിക്കാന്‍ സമയം തരണമെന്ന കമ്പനിയുടെ അപേക്ഷ കോര്‍പ്പറേഷന്‍ തള്ളിയിരുന്നു. കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് അനധികൃത നിര്‍മ്മാണമെന്നും മറ്റു ഭാഗങ്ങള്‍ നിയമം പാലിച്ചുതന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നുമാണ് കമ്പനി വാദം.

Exit mobile version