Pravasimalayaly

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു. രാഷ്ട്രീയ പ്രതിസന്ധിയുടെ ആക്കം കൂട്ടി 59 എംപിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ രാജിവെച്ചത്. ഡൗണിങ് സ്ട്രീറ്റിന് വെളിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് ബോറിസ് ജോണ്‍സണ്‍ രാജി പ്രഖ്യാപനം നടത്തിയത്.

പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃപദവിയും ബോറിസ് ജോണ്‍സണ്‍ ഒഴിഞ്ഞു. പാര്‍ട്ടിയുടെ നേതൃപദവിയില്‍ പുതിയയാള്‍ വരുന്നത് വരെ കാവല്‍ മന്ത്രിയായി തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഒക്ടോബറില്‍ ചേരുന്ന പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പുതിയയാളെ തെരഞ്ഞെടുക്കും. പാര്‍ട്ടി നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

നേരത്തെ, രണ്ടുദിവസം മുന്‍പ് ധനമന്ത്രിയായി സ്ഥാനമേറ്റ നദിം സഹവി , ബോറിസ് ജോണ്‍സണിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചാന്‍സിലര്‍ ഋഷി സുനക് രാജിവെച്ച ഒഴിവിലാണ് നദിം സഹവിയെ ധനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്. ഹൃദയത്തില്‍ ഏതാണ് ശരിയെന്ന് തോന്നുന്നത്, അത് ചെയ്ത് പുറത്തുപോകുക എന്നതാണ് ബോറിസ് ജോണ്‍സണിനെ ഉദ്ദേശിച്ച് നദിം സഹവി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version