കൊവിഡ് പ്രതിരോധത്തിനായുള്ള നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണില്‍ നിന്ന് പിഴ ഈടാക്കി യുകെ പൊലീസ്. കൊവിഡ് മാനദണ്ഡം പാലിക്കാതെ പിറന്നാള്‍ ആഘോഷം നടത്തിയതിനാണ് പ്രധാനമന്ത്രിക്കെതിരെ പൊലീസ് പിഴ ചുമത്തിയത്. ബോറിസ് ജോണ്‍സണെ കൂടാതെ ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയില്‍ നിന്നും പിറന്നാള്‍ പാര്‍ട്ടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുത്തതിന് പൊലീസ് പിഴ ഈടാക്കി.
തെറ്റ് ബോധ്യപ്പെട്ടെന്നും പൊലീസ് കൃത്യമായി തന്നെ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. താന്‍ പിഴ അടച്ചതായി പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുക എത്രയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി നിയമ നിര്‍മാണം നടത്തിയ പ്രധാനമന്ത്രിയും മന്ത്രിമാരും തന്നെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന അമര്‍ഷം താന്‍ മനസിലാക്കുന്നുണ്ടെന്നും തങ്ങള്‍ ചെയ്ത തെറ്റിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
കൊവിഡ് അതീരൂക്ഷമായിരുന്ന 2020 ജൂണ്‍ 19ന് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് യുകെ മെട്രോപൊളിറ്റന്‍ പോലീസ് ബോറിസ് ജോണ്‍സണ് പെനാല്‍റ്റി നോട്ടീസ് നല്‍കിയത്. അന്ന് ആ പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ കൊവിഡ് സാഹചര്യത്തിന്റെ ഗൗരവം താന്‍ വേണ്ടത്ര ഓര്‍മിച്ചിരുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍ കുറ്റസമ്മതം നടത്തി. പൊലീസ് അന്വേഷണത്തേയും അവരുടെ പരിശ്രമത്തേയും താന്‍ മാനിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.