ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി തുടരും. ബോറിസ് ജോണ്‍സന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി വിജയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ 211 എംപിമാര്‍ ബോറിസിനെ അനുകൂലിച്ചു. 148 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ സ്വന്തം കക്ഷിയിലെ വിമത എംപിമാരാണ് പാര്‍ട്ടിക്കുള്ളില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 359 അംഗങ്ങളാണുള്ളത്. 15 ശതമാനത്തിലേറെ ഭരണകക്ഷി എംപിമാര്‍ കത്തു നല്‍കിയതോടെയാണ് അവിശ്വാസ വോട്ടെടുപ്പു നടന്നത്. 180 എംപിമാരുടെ പിന്തുണയാണ് അവിശ്വാസം വിജയിക്കാന്‍ വേണ്ടിയിരുന്നത്.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയില്‍ അടക്കം ചട്ടം ലംഘിച്ച് മദ്യസല്‍ക്കാരങ്ങല്‍ നടത്തിയിരുന്നുവെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. മദ്യ വിരുന്നില്‍ പങ്കെടുത്തതായി സമമ്തിച്ച ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി പദം രാജിവെക്കാന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ബോറിസിന്റെ പാര്‍ട്ടിയിലെ വിമത എംപിമാര്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസത്തിന് കത്തു നല്‍കുകയായിരുന്നു.