Friday, July 5, 2024
HomeTRAVELനിലവിളിക്കുന്ന ചിത്രങ്ങൾ: ഒരു ഫോട്ടോഗ്രാഫറുടെ ഓർമ്മക്കുറിപ്പുകൾ

നിലവിളിക്കുന്ന ചിത്രങ്ങൾ: ഒരു ഫോട്ടോഗ്രാഫറുടെ ഓർമ്മക്കുറിപ്പുകൾ

ടീം പ്രവാസി മലയാളി.

” നാസികളുടെ കോണ്‍സട്രേഷന്‍ ക്യാമ്പിലെ ഡോക്ടര്‍ ജോസഫ് മീഗീലിയുടെ മുമ്പില്‍ തണുത്തു വിറച്ച് നഗ്നരായി നിന്ന യഹൂദ പെണ്‍കുട്ടികളുടെ ഭയന്നു വിറച്ച കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി. കൊടും തണുപ്പില്‍ വിശന്ന് തളര്‍ന്നു നിന്ന അവരുടെ നഗ്ന ശരീരത്തെ നോക്കി വൃത്തികെട്ട തമാശ പറയുന്ന നാസി ഡോക്ടര്‍മാര്‍. ആവശ്യപ്പെട്ടപോലെ ഫോട്ടോ എടുത്ത് ഞാന്‍ മടങ്ങി. എന്റെ പിന്നില്‍ ഡോക്ടര്‍ മീഗീലി ക്ലിനിക്കിന്റെ വാതില്‍ അടച്ചു. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ വേഗം നടന്നു. പിന്നില്‍ ഞരമ്പുകളെ തളര്‍ത്തുന്ന നിലവിളി. ഡോ.മിഗീലിയും സംഘങ്ങളും ജീവനുള്ള അവരുടെ കിളുന്തു ശരീരത്തില്‍ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയാണ്. പിന്നീട് ഗ്യാസ് ചേമ്പറിന്റെ തണുത്ത തറയിലും ആ മുഖങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞു. മണിക്കൂര്‍ മുമ്പ് എന്റെ ക്യാമറയ്ക്ക് മുന്നില്‍ ഭയന്ന് എന്നെ തുറിച്ചു നോക്കിയ അതേ മിഴികള്‍. തുറന്ന കണ്ണുകളും ശ്വാസം കിട്ടാതെ പിടഞ്ഞ അവരുടെ തുറന്ന വായും, എന്റെ രാത്രികളെ ഉറക്കമില്ലാതാക്കി.
ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കരഞ്ഞു. ജീവിക്കാന്‍ ഫോട്ടോഗ്രാഫി തെരഞ്ഞെടുത്തതില്‍ എന്നെതന്നെ ശപിച്ചു. എന്റെ പ്രിയപ്പെട്ട ക്യാമറ എനിക്ക് പേടിയാണ് സമ്മാനിച്ചത്. കുഴിമാടത്തോളം അവയെന്നെ പിന്തുടരുമെന്ന് എനിക്കറിയാം’

നാസി തടങ്കല്‍ പാളയങ്ങളിലെ ഏറ്റവും ബ്രഹത്തായ പോളണ്ടിലെ ഔഷ്‌വിട്‌സിന്റെ ക്യാമ്പ് ഫോട്ടോഗ്രാഫര്‍ വില്‍ഹെം ബ്രെയ്‌സി തന്റെ ഓര്‍മ്മ കുറിപ്പില്‍ പറഞ്ഞതാണ് മേലുദ്ധരിച്ച വരികള്‍. ഇത്രമാത്രം മനുഷ്യകുരുതിക്ക് സാക്ഷ്യം വഹിച്ച വെരൊരാള്‍ ലോകത്തില്ല. 2012-സെപ്തംബര്‍ 23 -ന് തന്റെ ചിത്രങ്ങള്‍ എന്നേയ്ക്കുമായി ഉപേക്ഷിച്ച് ബ്രെയ്‌സി ഈ ലോകത്തോട് വിടപറഞ്ഞു.

ബ്രെയ്‌സിയുടെ വാക്കുകള്‍:

തന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവം അദ്ദേഹം ഓര്‍ക്കുന്നു. ‘ഒരിക്കല്‍ ഒരു നാസി ഡോക്ടര്‍ എന്നെ അയാളുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിപ്പിച്ചു. ഒരു തടവുകാരന്റെ പുറത്ത് വേറൊരു തടവുകാരന്‍ ആദത്തിന്റെയും ഹവ്വയുടെയും ചിത്രം പച്ചകുത്തിയതിന്റെ ഫോട്ടോ എടുക്കണം. ആദവും ഹൗവ്വയുടെയും പ്രണയലീലയാണ് പ്രത്യേക രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഞാന്‍ ഫോട്ടോ എടുത്ത് എന്റെ മുറിയിലേക്ക് മടങ്ങി ഏതാനും മണിക്കൂറിന് ശേഷം എന്നെത്തേടി വീണ്ടും ദൂതനെത്തി. ഞാന്‍ ക്യാമ്പിലെ ഡോക്ടറുടെ ക്യാബനിലെത്തി. എന്നെ അയാള്‍ തന്റെ പരീക്ഷണ മുറിയിലേക്ക് കൊണ്ടുപോയി. ദൈവമേ…എന്റെ നട്ടെല്ലിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു. ഞാന്‍ എടുത്ത ആദത്തിന്റെയും ഹവ്വയുടെയും ചിത്രം ആ മനുഷ്യന്റെ തോലോടെ ഉരിഞ്ഞെടുത്ത് മേശപ്പുറത്ത് വിരിച്ചിരിക്കുന്നു. കൊന്നശേഷം തോലുരിഞ്ഞ ശവം മേശക്കടിയില്‍ കിടക്കുന്നു…. ”നിന്റ ഫോട്ടോ എനിക്ക് ഇഷ്ടമായി ഈ പടം എനിക്ക് ചില്ലിട്ട് സൂക്ഷിക്കണം. ” ചെറുചിരിയോടെ കൂസലില്ലാതെ നാസി ഡോക്ടര്‍ പറഞ്ഞു. എനിക്ക് മുന്നില്‍ ലോകം മറയുന്നപോലെ, കാല്‍ക്കീഴില്‍ ഭൂമി വിറച്ചു…ഞാന്‍..ഞാന്‍ മരവിച്ച് നിന്നു.’

കൊല്ലാന്‍ കൊണ്ടുവന്ന മനുഷ്യരുടെ ചിത്രം മാത്രമല്ല, നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും ശരീരത്തില്‍ നടത്തിയ കാടന്‍ പരീക്ഷണങ്ങളുടെയും ഫോട്ടോയെടുക്കാന്‍ ബ്രെയ്‌സി നിര്‍ബന്ധിതനായി. മരവിപ്പിക്കാതെ ശരീരത്തിലെ അവയവങ്ങള്‍ പിഴുതെടുക്കുക, നെഞ്ചു പിളര്‍ന്ന് ഹൃദയം പറിച്ചെടുക്കുക, ഒരാളുടെ ശരീര അവയവങ്ങള്‍ മറ്റു മനുഷ്യരിലേക്ക് പറിച്ച് നടുക. നഗ്നരായി മനുഷ്യരെ മഞ്ഞില്‍ നിര്‍ത്തി മരണപ്പെടുന്ന സമയം നോക്കി കാണുക എന്നിവ അവയില്‍ ചിലത് മാത്രം. മനുഷ്യരോട് പറയാന്‍ പറ്റാത്ത പല പരീക്ഷണങ്ങളും നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളില്‍ നടത്തി. പല അവസരങ്ങളിലും ഇരകളായ പെണ്‍കുട്ടികള്‍ ബ്രെയ്‌സിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി. ക്യാമറയും കൈയ്യിലേന്തി അയാള്‍ നിസ്സഹായനായി നിന്നും പിന്നെ ആരും കാണാതെ തന്റെ മുറിയില്‍ പോയി തലതല്ലി കരഞ്ഞു. പേരറിയാത്ത സ്ത്രീകളോടും കൊച്ചുകുട്ടികളോടും ഞാന്‍ മനസില്‍ കെഞ്ചി ‘എന്റെ മകളെ…സഹോദരി എന്നോട് പൊറുക്കുക ഞാന്‍ നിസ്സഹായനാണ്, ഞാനും നിങ്ങളെപ്പോലെ മറ്റൊരു ഇരയാണ്.’

POLAND – JANUARY 27: Cadavers Of Women And Dead Children Of Cold Weather To The Camp Of Extermination Of Auschwitz (Photograph Takes At The Time Of The Liberation Of The Camp By The Red Army) On January 27Th 1945. (Photo by Keystone-France/Gamma-Keystone via Getty Images)

പോളണ്ടു കാരനായ വില്‍ഹം ബ്രെയ്‌സി 20-ാംമത്തെ വയസിലാണ് നാസികളുടെ കയ്യില്‍ പെടുന്നത്. പോളണ്ടില്‍ നിന്നും ഹങ്കറിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് നാസികളുടെ രഹസ്യ പോലീസ് ഗെസ്റ്റപ്പോയുടെ പിടിയിലായി. അവര്‍ അവനെ നിര്‍ബന്ധിത തൊഴിലിനായി ഓഷ്‌വിറ്റ്‌സിലെ ക്യാമ്പിലേക്ക് കൊണ്ടുവന്നു. ജയില്‍വാസകാലത്ത് ഹിറ്റലറോട് ഐക്യപ്പെട്ടാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് നാസികള്‍ പലതവണ പറഞ്ഞു, ബ്രെയ്‌സി വഴങ്ങിയില്ല. പിന്നീട് നിര്‍ബന്ധിത തൊഴിലിന് ക്യാമ്പിലേക്ക് അയച്ചു. ആരോഗ്യമുള്ളവരേയും, ഗ്യാസ്‌ചേമ്പറിലേക്ക് അയക്കപ്പെടേണ്ടവരെയും വേര്‍തിരിക്കുന്ന ക്യാമ്പിലാണ് നാസികള്‍ ബ്രെയ്‌സിക്ക് ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യമുണ്ടെന്നറിയുന്നത്. തടവുകാരുടെയെല്ലാം ഫോട്ടോയും വിവരങ്ങളും രേഖപ്പെടുത്തുന്ന വിഭാഗത്തിലേക്ക് അദ്ദേഹത്തെ അയച്ചു. ഓരോ തടവുകാരന്റെയും മുഖത്തിന്റെ നേരിട്ടുള്ളതും, വശങ്ങളില്‍ നിന്നുള്ള 2-ചിത്രങ്ങളാണ് എടുത്തിരുന്നത്. ലോകമെമ്പാടുമുള്ള ഹോളോകോസ്റ്റ് മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത് ബ്രെയ്‌സി പകര്‍ത്തിയ ചിത്രങ്ങളാണ്. ഇസ്രായേലിലെ യാദ് വാസിമിലും ബ്രെയ്‌സിയുടെ പടങ്ങളാണുള്ളത്.

ഫോട്ടോഗ്രാഫിയിലെ തന്റെ പ്രാവീണ്യം മനസിലാക്കിയ ക്യാമ്പിന്റെ തലവന്‍ റുഡോള്‍ഫ് ഹോസ് പറഞ്ഞു ക്യാമ്പിലെത്തുന്ന തടവുകാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ നീ എടുക്കണം, സാധ്യമല്ലെങ്കില്‍ ഇപ്പോള്‍ പറയണം. നാസി കമാണ്ടറുടെ സന്ദേശം ബ്രെയ്‌സിക്ക് മനസിലായി ഫോട്ടോയെടുക്കാന്‍ തയ്യാറാകുക അല്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാരാകുക, ശിക്ഷയെന്തെന്ന് പറയാതെ പറഞ്ഞു നാസി കമാണ്ടര്‍
റുഡോര്‍ഫ് ഹോസ്, ”നീയെടുത്ത അനേകരുടെ പടങ്ങള്‍ പോലെ, ഗ്യാസ് ചേമ്പറിന്റെ തണുത്ത തറയില്‍ നീയുമുണ്ടാകും.”’
നാസികള്‍ ബ്രെയ്‌സിയുടെ കൈയ്യില്‍ അവര്‍ ചാപ്പകുത്തി പോളണ്ട് കാരന്‍ തടവുകാരന്‍ 3444.

ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യമാണ് നാസികളില്‍ നിന്നും അയാളുടെ ജീവന്‍ രക്ഷിച്ചത്. എന്നാല്‍ താന്‍ ഏറ്റവും താല്‍പര്യത്തോടെ തെരഞ്ഞെടുത്ത തൊഴില്‍ പിന്നീട് അയാളുടെയും ലോകം മുഴുവന്റേയും നൊമ്പരമായി. ബ്രെയ്‌സി പകര്‍ത്തിയ നാസി തടവുകാരുടെ ചിത്രങ്ങള്‍ ലോകത്തിന്റെ ഉറക്കം കൊടുത്തി. ഒപ്പം മാനുഷ്യ രാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ കുരുതിക്ക് സ്വയം സംസാരിക്കുന്ന നാവുകളായി അവ. കറുപ്പും വെളുപ്പിലും ചിത്രീകരിച്ചതായിരുന്നു ആ പടങ്ങള്‍. നാസികളുടെ ക്രൂരതയുടെ തെളിവ് മാത്രമല്ല നാസികളില്‍ പ്രമുഖരെക്കുറിച്ചും ആ ചിത്രങ്ങള്‍ തെളിവുകളായി.

1945-ല്‍ ജനുവരി രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യപാദത്തില്‍ റഷ്യയുടെ ചെമ്പട തങ്ങളെ വളഞ്ഞു എന്നറിഞ്ഞ നാസികള്‍ ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമുകളും കത്തിച്ചുകളയാന്‍ ഉത്തരവിട്ടു. നാളെ ചരിത്രത്തിന്റെ നാവുകളാകും ഈ ചിത്രങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ ബ്രെയ്‌സി പ്രധാനപ്പെട്ട ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമും പ്ലാസ്റ്റിക്ക് ബാഗിഗാക്കി മണ്ണില്‍ കുഴിച്ചിട്ടു. നെഗറ്റീവുകളും ഫോട്ടോകളും കുറെയെല്ലാം കത്തിച്ചു. യുദ്ധത്തിനുശേഷം തങ്ങളെ രക്ഷിച്ച റഷ്യയുടെയും അമേരിക്കയുടെയും സൈനീകരുടെ സഹായത്തോടെ അവയെല്ലാം വീണ്ടെടുത്തു. റഷ്യയുടെയും അമേരിക്കയുടെയും സൈനീക ഫോട്ടോ ലാബില്‍ ആ നെഗറ്റീവ് ഫിലിമുകള്‍ ബ്രോമൈഡ് പേപ്പറില്‍ ജീവന്‍പൂണ്ടു, അങ്ങനെ 60 ദശലക്ഷം മനുഷ്യരുടെ മായാത്ത ചോരക്കറ ചരിത്രമായി. അവ ലോകത്തെ ഭയപ്പെടുത്തി, പിന്നെ കരയിച്ചു. മനുഷ്യന് മനുഷ്യനോട് ഇത്ര ക്രൂരത കാട്ടാന്‍ പറ്റുമോ. ഒളിവില്‍പ്പോയ നാസികളെ വേട്ടയാടാന്‍ ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് സഹായകമായി പല ചിത്രങ്ങളും. പോളണ്ടിലെ ബ്രിക്കൗവിലെ മുഖ്യ തടങ്കല്‍ പാളയം നയിച്ച നാസി പട്ടാള മേധാവി റുഡോള്‍ഫ് ഐച്ച്മാനെയും, ഗ്യസ്‌ചേമ്പര്‍ സ്ഥാപിക്കാന്‍ മുന്‍ കൈയ്യെടുത്ത ഹെന്റിച്ച് ഹിംമ്ലറേയും തിരിച്ചറിയാനും അവരെ ജീവനോടെ പിടിക്കാനും ഈ ചിത്രങ്ങള്‍ സഹായിച്ചു. യഹൂദര്‍ നാസി ഹണ്ടേഴ്‌സ് (നാസി വേട്ടക്കാര്‍ ) എന്ന പേരില്‍ രഹസ്യ സംഘടന രൂപീകരിക്കാനും റഷ്യന്‍ സൈന്യത്തിന്റെ കൈയ്യില്‍ പെടാത്ത നാസികളെ പിടികൂടാനും ഈ ചിത്രങ്ങള്‍ ഉപകരിച്ചു. ഹിറ്റ്‌ലറും കൂട്ടാളികളും കൊന്നൊടുക്കിയ സാധുക്കളോട് അത്രയെങ്കിലും നീതി ചെയ്യാന്‍ ബ്രെയ്‌സിക്ക് സാധിച്ചു.

ബ്രെയ്‌സിയുടെ അനുഭവങ്ങളില്‍ നാസിക്യാമ്പുകളില്‍ ഏറ്റവും ഹീനമായ പീഡനങ്ങള്‍ക്ക് ഇരായത് സ്ത്രീകളും കൊച്ചുകുട്ടികളുമാണ്. ഗര്‍ഭവതികളെ പ്രത്യേകം തിരഞ്ഞെടുത്തു ഡോ. മിഗീലി. മരവിപ്പിക്കാതെ ഗര്‍ഭപാത്രം പിഴുടെതുക്കുക, ജനനേന്ദ്രിയങ്ങളില്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുക, പ്രത്യേകം തയ്യാറക്കിയ യന്ത്രത്തില്‍ കയറ്റി മനുഷ്യ ശിരസ് ചെറുതാക്കുക. ശരീരത്തില്‍ നിന്നും ഹൃദയം പിഴുതെടുക്കുക, ജീവന്റെ അവസാനത്തെ തുടിപ്പ് എങ്ങനെയെന്നറിക, മഞ്ഞില്‍ ന്ഗ്നരാക്കി മനുഷ്യന്‍ മരവിച്ച് മരിക്കുന്നത് രേഖപ്പെടുത്തുക. യുദ്ധരംഗത്ത് നാസി പട്ടാളക്കാര്‍ക്ക് തയ്യാറാകാന്‍ വേണ്ടിയാണ് ഇവയെല്ലാം ചെയ്തതെന്ന് ജര്‍മ്മനിയുടെ പതനത്തിന് ശേഷം ന്യൂറംബര്‍ഗ് വിചാരണയില്‍ നാസികള്‍ കുറ്റസമ്മതം നടത്തി.

Mandatory Credit: Photo by ANL/Daily Mail/Shutterstock (883792a) Pictures taken from the book ‘Lest We Forget’. Accounts by Daily Mail Correspondents of the atrocities at German concentration camps: SS Men At The Camp Are Made To Remove The Dead Bodies Of Their Victims To Lorries For Burial. Aftermath of the Liberation of the Belsen Nazi Concentration Camp, Lower Saxony in northwestern Germany – Apr 1945 Belsen Nazi Concentration Camp liberated on April 15, 1945 by the British 11th Armoured Division
1949: A Nazi officer raises his riding crop as a group of women carry a fellow prisoner away in a scene from Wanda Jakubowska’s ‘Ostatni Etap’ (also known as The Last Stages or The Last Stop) which was based on her own experiences as a survivor of Auschwitz. (Photo by Hulton Archive/Getty Images)

നാസികള്‍ക്കെന്തു സംഭവിച്ചു എന്നറിയുന്നത് കൗതുകകരമാണ്. ചെമ്പട തങ്ങളെ വളഞ്ഞു എന്നു മനസിലാക്കിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ബര്‍ലിനിലെ ഭൂഗര്‍ഭ അറയില്‍ ഭാര്യ ഈവ ബ്രൗണിന് വിഷം കൊടുത്ത് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ചു. കൂട്ടകൊലകള്‍ നടത്തുന്ന എസ്.എസ് ഗാര്‍ഡ്‌സിന്റെ (എസ്.എസ് വാഫന്‍) തലവന്‍ ഹെന്‍ട്രിച്ച് ഹിംളര്‍ തടവില്‍ സയനൈഡ് കഴിച്ച് മരിച്ചു. നാസി പ്രചാരകന്‍ ജോസഫ് ഗീബെല്‍സ് 8 മക്കളെയും ഭാര്യക്കുമൊപ്പം വിഷം കഴിച്ചുമരിച്ചു. ഔഷ് വിട്‌സ് ക്യാമ്പിന്റെ മുഖ്യ മകാണ്ടര്‍ റുഡോര്‍ഫ് ഹോസിനെ സഖ്യസേന ക്യാമ്പില്‍ അനേകരെ തൂക്കിലേറ്റിയ കൊലമരത്തില്‍ തടവുകാരുടെയും സഖ്യസേന സൈനീകരുടെയും കണ്‍മുന്നില്‍ തൂക്കിലേറ്റി കൊന്നു. വേഷം മാറി ബവേറിയയിലെ ബി.എം.ഡബ്ലിയു കാര്‍ ഫാക്ടറിയില്‍ ജോലിക്കാരനായി ഒളിവില്‍ കഴിഞ്ഞ ഹിറ്റ്‌ലറിന്റെ ഏറ്റവും അടുത്ത അനുയായി ഹെന്റിച്ച് ഹോഫ്മാനെ മൊസാദിന്റെ ഏജറ്റുമാര്‍ തട്ടിക്കൊണ്ടുപോയി ഇസ്രായേലിലെത്തിച്ചു, വിചാരണക്ക് ശേഷം തങ്ങളുടെ നിയമം അനുസരിച്ച് തൂക്കിലേറ്റി. സഖ്യ സേന തലവന്മാരെയും നാസികളെ വിചാരമചെയ്ത ന്യൂറംബര്‍ഗ് കോടതിയെയും ചിന്തിപ്പിച്ച ചിന്തിപ്പിച്ച കാര്യം, നാസികളാരും തങ്ങളുടെ ചെയ്തികളെക്കുറിച്ച് കുറ്റം ബോധം തോന്നാത്തതാണ്.

ക്യമ്പ് മോചിപ്പിച്ച സഖ്യസൈന്യത്തിലെ അമേരിക്കന്‍ സന്യാധിപന്‍ മേജര്‍ ഡേവിഡ് ഡി ഐസനോവര്‍ സൈന്യ ഫോട്ടോഗ്രാഫറെ അമേരിക്കയിലേക്ക് പ്രത്യേക വിനമാത്തില്‍ അയച്ചാണ് ഫലിം കൊണ്ടുവന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രത്യേകം ഓര്‍ഡര്‍ നല്‍കി ക്യാമ്പിന്റെയും ശവക്കൂനകളുടെയും, കൊല്ലപ്പെട്ട മനുഷ്യരുടെ മുടി, പല്ല്, അസ്ഥികൂടങ്ങള്‍, ബാഗുകള്‍, ഷൂസ്, പരീക്ഷണ ശാലകള്‍, ശവമെരിച്ചുകളുന്ന ചൂളകള്‍,മനുഷ്യന്റെ തൊലിയുരിഞ്ഞുണ്ടാക്കിയ കരകൗശല വസ്തുക്കള്‍, മനുഷ്യകൊഴുപ്പ് കൊണ്ടുണ്ടാക്കിയ സോപ്പ് എല്ലാത്തിന്റെയും പടമെടുക്കണം, കാരണം ഇതെല്ലാം ചരിത്രമാകാനുള്ളതാണ് നാളെ ഏതെങ്കിലും തന്തയില്ലാത്തവന്‍ പറയും ഇതൊന്നും നടന്നിട്ടില്ലെന്ന്, അത് അനുവദിച്ചുകൂട. ഇവയെല്ലാം ചരിത്രത്തിന്റെ സ്വയം സംസാരിക്കുന്ന തെളിവുകളാണ്.

നാസികളുടെ തടവില്‍ നിന്നും മോചിതനായശേഷം തന്റെ പ്രിയപ്പെട്ട തൊഴില്‍ വില്‍ഹെം ബ്രെയ്‌സി ഉപേക്ഷിച്ചു. പീന്നീട് ജീവിതത്തില്‍ ഒരിക്കലും ബ്രെയ്‌സി ക്യാമറ കൈയ്യിലെടുത്തില്ല. ഉപജീവനത്തിനായി സോസേജ് നിര്‍മ്മിക്കുന്ന ചെറിയ യൂണിറ്റ് സ്ഥാപിച്ചാണ് അദ്ദേഹം കുടുംബം പുലര്‍ത്തിയത്. ക്യാമറ കാണുമ്പോള്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളും അവയിലെ മുഖങ്ങളും ഓര്‍മ്മയിലേക്ക് വരും അവ അദ്ദേഹത്തെ ഭീതിപ്പെടുത്തും.

OSWIECIM, POLAND- DECEMBER 8: An exterior view of The Auschwitz complex, December 8, 2004 showing the entrance gates to Auschwitz I with the words “Arbeit Macht Frei” (Work Makes One Free) over head. The camp was liberated by the Soviet army on January 27, 1945, January 2005 will be the 60th anniversary of the liberation of the extermination and concentration camps, when survivors and victims who suffered as a result of the Holocaust will commemorated across the world. (Photo by Scott Barbour/Getty Images)

ഓഷ് വിറ്റ്‌സിലെ ജീവിതം ശപിക്കപ്പെട്ടതായി കരുതിയെങ്കിലും നാസി പീഡനങ്ങളുടെ കരളലിയിക്കുന്ന കഥ ലോകത്തെ അറിയിച്ച ബ്രെയ്‌സിക്ക് ഹീറോയുടെ പരിവേഷം ലഭിച്ചു. ബ്രെയ്‌സിയുടെ ക്യാമറയില്‍ ജനിച്ച ചിത്രങ്ങള്‍ നാസി ചരിത്രത്തിന്റെ ഏറ്റവും വലിയ തെളിവായി.
രണ്ട് വര്‍ഷത്തിനുള്ളില്‍ അരലക്ഷം പേരുടെ ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. അവരിലാരും പിന്നീട് ലോകം കണ്ടില്ല എന്ന വേദന അദ്ദേഹത്തെ പിന്തുടര്‍ന്നു.

ലോകത്തെ അമ്പരപ്പിച്ച വസ്തുത 60 ലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്ത നാസികളും അവര്‍ക്ക് നേതൃത്വം കൊടുത്ത അഡോള്‍ഫ് ഹിറ്റ്‌ലറും മറ്റ് പ്രമുഖ നാസിനേതാക്കളും എല്ലാം ക്രൈസ്തവരായിരുന്നു. കടുത്ത കത്തോലിക്ക മത വിശ്വാസികളായിരുന്നു അവരെല്ലാം. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചശേഷം നാസികളെ വിസ്തരിച്ച ന്യൂറംബര്‍ഗ് കോടതിയെ അമ്പരപ്പിച്ച വസ്തുത നാസികള്‍ ആരും തന്നെ തങ്ങളുടെ ചെയ്തികളെക്കുറിച്ച് ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നതാണ്.
നാസികള്‍ക്കെല്ലാം കുടുംജീവിതം ഉണ്ടായിരുന്നു, എന്നു പറഞ്ഞാല്‍ വൃദ്ധരായ മാതാപിതാക്കളും കൊച്ചു കുട്ടികളും അവര്‍ക്കും ഉണ്ടായിരുന്നു. തടവറകളില്‍ മനുഷ്യരെ പീഡിപ്പിച്ചു കൊല്ലാന്‍ പോകുന്നതിന് മുമ്പ് അവരും തങ്ങളുടെ ഭാര്യമാര്‍ക്ക് സ്‌നേഹ ചുംബനം നല്‍കിയിരുന്നു. സ്വന്തം വീട്ടില്‍ അവരും സാധാരണ മനുഷ്യരെപ്പോലെ ജീവിച്ചു. ക്യാമ്പിലെത്തിയാല്‍ അവര്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ക്രൂരന്മാരായി മാറുന്നു. നാസി പഠനക്ലാസുകളുടെയും, മനുഷ്യമനസ്സില്‍ മനുഷ്യരെ വെറുക്കാനും നിഷ്‌കരുണം കൊന്നൊടുക്കാനും പ്രേരണ നല്‍കുന്ന ബോധവല്‍ക്കണം എത്രമാത്രം തീവ്രമായിരുന്നു എന്ന് ചിന്തിക്കാം. മനുഷ്യരെ ചുട്ടെരിക്കുന്നതിന്റെയും, പെണ്‍കുട്ടികളെയും വൃദ്ധരെയും പീഡിപ്പിച്ച് കൊല്ലന്നതിന്റെയും, ഇരകളുടെ ജീവനു വേണ്ടിയുള്ള കരച്ചിലും വിലാപവും സിനിമ പോലെ ഷൂട്ട് ചെയ്ത് നാസി പടയാളികളും, അവരെ നയിക്കുന്ന നേതാക്കളും അവയെല്ലാം പ്രത്യേകം തയ്യാറാക്കിയ തിയ്യേറ്ററില്‍ കണ്ട് ആസ്വദിക്കുമായിരുന്നു. മനുഷ്യരെ നിഷ്‌കരുണം കൊല്ലുന്ന വെടിവെയപ്പ് സംഘങ്ങളായ എസ.എസ് ഗാര്‍ഡുകളെ തയ്യാറക്കിയത് ഇങ്ങനെയാണ്.

ഔഷ് വിട്‌സ് വിമോചനത്തിന്റെ 70-ാം വാര്‍ഷീകത്തില്‍ ഇന്ന് മ്യൂസിയമായ ക്യാമ്പുകളും ഗ്യാസ് ചേമ്പറുകളും സന്ദര്‍ശിച്ച മുന്‍ മാര്‍പാപ്പ ബെനഡിക്ട് 16-ാമന്‍ അനേകരുടെ രക്തക്കറ മായാത്ത ഗ്യാസ് ചേമ്പറിന്റെ തണുത്ത തറയില്‍ മുട്ടുകുത്തി ചുംബിച്ച ശേഷം ചോദിച്ച ചോദ്യമുണ്ട്..’ എന്റെ ദൈവമേ….ആ നാളുകളില്‍ നീ എവിടെയായിരുന്നു…എന്തുകൊണ്ട് ഇത് അനുവദിച്ചു.” ഈ ചോദ്യം നമ്മളോടാണ്, നിന്റെ സഹോദരന്‍ ജീവനുവേണ്ടിയുള്ള നിലവിളി നീ കേള്‍ക്കുന്നില്ലേ..

മരിക്കുന്നതിന് മുമ്പ് പോളണ്ട് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ബ്രെയ്‌സി തന്റെ അനുഭവങ്ങല്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ ഇസ്രായേല്‍ സ്വദേശിനിയുടെ പുസ്തകത്തിലും ലോകത്തെ കരയിച്ച ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. 2012-ല്‍ 94-ാം വയസില്‍ തന്റെ ചിത്രങ്ങള്‍ ഉപേക്ഷിച്ച് ബ്രെയ്‌സി ഈ ലോകത്തോട് വിടപറഞ്ഞു. മനുഷ്യന്‍ ഉള്ളിടത്തോളം കാലം ഈ ചിത്രങ്ങള്‍ ലോകത്തോട് പറയും, അരുത് കൊല്ലരുത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments