Pravasimalayaly

4-1ന് കൊറിയയെ തകര്‍ത്ത് കാനറിക്കൂട്ടം; സാംബ താളത്തില്‍ നിറഞ്ഞാടി ബ്രസീല്‍ ക്വാര്‍ട്ടറില്‍ 

ദോഹ: ക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷമാക്കി നെയ്മറും സംഘവും. ആദ്യ പകുതിയില്‍ നാല് വട്ടം വല കുലിക്കി ബ്രസീല്‍ ദക്ഷിണ കൊറിയയെ തിരികെ കയറിവരാന്‍ ആകാത്ത വിധം തളച്ചപ്പോള്‍ സണ്ണിനും കൂട്ടര്‍ക്കും പ്രീക്വാര്‍ട്ടറില്‍ അടിയറവ് പറയേണ്ടി വന്നു. 4-1ന് ദക്ഷിണ കൊറിയയെ വീഴ്ത്തിയ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ഇനി ക്രൊയേഷ്യയെ നേരിടും. 

കളിയുടെ ഏഴാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറിലൂടെ വല കുലുക്കിയാണ് അഞ്ച് വട്ടം ലോക കിരീടത്തില്‍ മുത്തമിട്ട സംഘം പ്രീക്വാര്‍ട്ടറിലെ ഗോള്‍വേട്ട തുടങ്ങിയത്. നെയ്മറില്‍ നിന്ന് ലഭിച്ച പാസില്‍ നിന്ന് ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് വിനിഷ്യസ് തൊടുത്ത വലംകാല്‍ ഷോട്ട് വലയിലെത്തി. 10ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്രസീല്‍ ലീഡ് ഉയര്‍ത്തിയത്. 

റിച്ചാര്‍ലിസനെ കൊറിയയുടെ ജങ് വൂ യങ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കിക്ക് നെയ്മര്‍ ഗോള്‍പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. 29ാം മിനിറ്റില്‍ ബ്രസീലിന്റെ ലീഡ് 3-0 ആയി ഉയര്‍ത്തി റിച്ചാര്‍ലിസന്റെ ഗോളെത്തി. ആദ്യം പന്ത് ഒന്നിലധികം തവണ ഹെഡ് ചെയ്ത് നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ച റിച്ചാര്‍ലിസന്‍ പിന്നാലെ തിയാഗോ സില്‍വയ്ക്ക് പാസ് ചെയ്ത് ബോക്‌സിനുള്ളിലേക്ക് ഓടി. പന്ത് കൃത്യമായി റിച്ചാര്‍ലിസന്റെ കാലുകളിലെത്തിയതോടെ ടോട്ടനം സ്‌ട്രൈക്കര്‍ പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. 

കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ബ്രസീലിന്റെ നാലാം ഗോള്‍

36ാം മിനിറ്റില്‍ പക്വറ്റയിലൂടെയാണ് ബ്രസീല്‍ ലീഡ് ഉയര്‍ത്തിയത്. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ബ്രസീലിന്റെ നാലാം ഗോള്‍ വന്നത്. ഇടത് 
വിങ്ങിലൂടെ പന്തുമായി ഓടിയ വിനിഷ്യസ് ജൂനിയര്‍ ബോക്‌സിന് നടുവിലേക്ക് പന്ത് പക്വെറ്റയ്ക്ക് നല്‍കി. ഫസ്റ്റ് ടൈം ടച്ചിലൂടെ പക്വെറ്റ പന്ത് വലയിലുമെത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുന്‍പ് രണ്ട് വട്ടം ബ്രസീല്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിച്ചു. 45ാം മിനിറ്റില്‍ വന്ന കൗണ്ടര്‍ അറ്റാക്കില്‍ റാഫിഞ്ഞയുടെ പാസില്‍ നിന്ന് പക്വെറ്റയ്ക്ക് വല കുലുക്കാന്‍ അവസരം തെളിഞ്ഞെങ്കിലും പക്വെറ്റയുടെ ഷോട്ട് സേവ് ചെയ്തു. 

ആദ്യ പകുതിയുടെ അധിക സമയത്ത് റിച്ചാര്‍ലിസന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ സേവ് ചെയ്തു. എന്നാല്‍ റിബൗണ്ട് വരുമ്പോള്‍ നെയ്മര്‍ ബോക്‌സിനുള്ളിലുണ്ടായി. എന്നാല്‍ റിബൗണ്ട് പന്ത് പിടിച്ചെടുത്ത് വലയിലെത്തിക്കാന്‍ നെയ്മറിനായില്ല. 

65ാം മിനിറ്റില്‍ റിച്ചാര്‍ലിസന്‍ ഒരിക്കല്‍ കൂടി വല കുലുക്കുമെന്ന് തോന്നിച്ചു. പന്തുമായി ഓടിയ റാഫിഞ്ഞ വലത് വിങ്ങില്‍ നിന്ന് റിച്ചാര്‍ലിസന് പന്ത് നല്‍കി. എന്നാല്‍ ബാലന്‍സ് നഷ്ടപ്പെട്ട റിച്ചാര്‍ലിസന് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല. 68ാം മിനിറ്റില്‍ ലൂസ് ബോളില്‍ നിന്ന് സണ്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ആലിസന്‍ തടഞ്ഞു. റഫറി ഓഫ്‌സൈഡ് ഫ്‌ലാഗും ഉയര്‍ത്തി. 

76ാം മിനിറ്റിലാണ് കൊറിയയുടെ ഗോള്‍ എത്തിയത്. ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയേക്കാവുന്ന ഗോള്‍ എത്തിയത് ഫ്രീകിക്കില്‍ നിന്നും. ബോക്‌സിനുള്ളിലേക്ക് എത്തിയ ഫ്രീകിക്ക് ഹെഡ് ചെയ്ത് നേരെ എത്തിയത് പെയ്ക്കിന്റെ നേരെ. കൊറിയന്‍ താരത്തില്‍ നിന്ന് വന്ന ബുള്ളറ്റ് ഷോട്ട് വല കുലുക്കുകയായിരുന്നു.

Exit mobile version