പൊതുപരിപാടിയില്‍ കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതിരുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് പിഴ ചുമത്തി. പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതിന് മാരന്‍ഹാവോ സംസ്ഥാന ഗവര്‍ണർ ഫ്ളാവിയോ ഡിനോയാണ് പ്രസിഡന്റിന് പിഴ ചുമത്തിയത്.
ബോള്‍സോനാരോയുടെ ഓഫീസിന് അപ്പീല്‍ നല്‍കാന്‍ 15 ദിവസം സമയം നല്‍കിയിട്ടുണ്ട്. അതിനുശേഷം പിഴതുക നിശ്ചയിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാരന്‍ഹാവോ സംസ്ഥാനത്ത് നൂറിലധികം ആളുകളുടെ ഒത്തുചേരല്‍ നിരോധിച്ചിട്ടുണ്ടെന്നും ഫെയ്സ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാണെന്നും ഡിനോ പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
മാരന്‍ഹാവോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാവോ ലൂയിസില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ അസൈലാന്‍ഡിയയില്‍ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് മാസ്‌ക് ധരിക്കാതെ പങ്കെടുത്തത്. തീവ്ര വലതുപക്ഷക്കാരനായ ബ്രസീല്‍ പ്രസിഡന്റ് കോവിഡ് പ്രതിരോധത്തിനായി നടത്തുന്ന കണ്ടയിന്‍മെന്റ് നിയന്ത്രണങ്ങള്‍ക്ക് എതിരാണ്. പ്രാദേശിക തലത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്ന ഗവര്‍ണര്‍മാരെ സ്വാച്ഛാധിപതികള്‍ എന്ന് വിശേഷിപ്പിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു.
അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൊവിഡ് മരണനിരക്കുള്ള രാജ്യമാണ് ബ്രസീല്‍.