Sunday, November 24, 2024
HomeSportsFootballകണ്ണീരോടെ മടങ്ങി ബ്രസീല്‍; ക്രൊയേഷ്യ സെമിയില്‍ 

കണ്ണീരോടെ മടങ്ങി ബ്രസീല്‍; ക്രൊയേഷ്യ സെമിയില്‍ 


ദോഹ: ക്രൊയേഷ്യക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ 21കാരൻ റോഡ്രി​ഗോയെയാണ് ആദ്യ കിക്ക് എടുക്കാൻ ടിറ്റെ വിട്ടത്. ബ്രസീലിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റോഡ്രി​ഗോയ്ക്ക് പന്ത് വലയിലെത്തിക്കാനായില്ല. അവസാന കിക്ക് എടുത്ത മാർക്വിഞ്ഞോസിന്റെ ശ്രമം ​ഗോൾപോസ്റ്റിൽ തട്ടിയകന്നു… ഒരിക്കൽ കൂടി ക്വാർട്ടറിൽ കാലിടറി വീണ് കാനറിപ്പട. ഖത്തറിൽ നിന്ന് കണ്ണീരോടെ മടങ്ങി നെയ്മറും സംഘവും. 

കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലായി ഇത് നാലാം വട്ടമാണ് ബ്രസീൽ ക്വാർട്ടർ ഫൈനവിൽ പുറത്താവുന്നത്. തങ്ങളുടെ മറ്റൊരു നോക്കൗട്ട് മത്സരം കൂടി അധിക സമയത്തേക്കും പെനാൽറ്റിയിലേക്കും നീട്ടി ജയം പിടിച്ച് ക്രൊയേഷ്യ. മഞ്ഞയിൽ നിറഞ്ഞു നിന്ന എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ ഞെട്ടിച്ച് ബ്രസീലിനെ 4-2ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മോഡ്രിച്ചും കൂട്ടരും സെമിയിൽ.

നെയ്മറിന്റെ ഗോളിന് പെറ്റ്‌ഗോവിച്ചിന്റെ മറുപടി

അധിക സമയത്ത് നെയ്മറിൽ നിന്നും പെറ്റ്കോവിച്ചിൽ നിന്നും വന്ന ​ഗോളുകളാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. എന്നാൽ റോഡ്രി​ഗോയുടെ കിക്ക് നഷ്ടമായത് ബ്രസീലിനെ സമ്മർദത്തിലാക്കിയപ്പോൾ മറുവശത്ത് ക്രൊയേഷ്യൻ മുന്നേറ്റത്തിന് തടയിടാൻ ആലിസൺ ബെക്കറിനായില്ല. പെഡ്രോയ്ക്കും കാസെമെറോയ്ക്കും മാത്രമാണ് ബ്രസീലിനായി ലക്ഷ്യം കാണാനായത്. മറുവശത്ത് വ്‌ലാസിച്ചും ലോവ്‌റോയും മോഡ്രിച്ചും മിസ്ലവുമെല്ലാം പന്ത് കൃത്യമായി വലയിലെത്തിച്ചു. 

ക്രൊയേഷ്യ മേൽക്കൈ നേടിയ ആദ്യ പകുതിയായിരുന്നു ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിലേത്. 12ാം മിനിറ്റിൽ വിങ്ങിൽ നിന്ന് ബോക്സിലേക്ക് ക്രോസ് വന്നെങ്കിലും പന്ത് കൃത്യമായ് കണക്ട് ചെയ്യാൻ പെരിസിച്ചിന് കഴിയാതിരുന്നതോടെ ബ്രസീൽ രക്ഷപെട്ടു. 20ാം മിനിറ്റിൽ ആദ്യം വിനിഷ്യസും തൊട്ടു പിന്നാലെ നെയ്മറിൽ നിന്നും മികച്ച നീക്കം വന്നെങ്കിലും ഫലമുണ്ടായില്ല. ബോക്സിനുള്ളിലേക്ക് കയറി വന്ന് നെയ്മറിൽ നിന്ന് വന്ന ഷോട്ട് നേരെ ഗോൾകീപ്പറുടെ കയ്യിൽ. 41 മിനിറ്റിൽ വിനീഷ്യസിനെ വീഴ്ത്തിയതിന് ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് നെയ്മർ ഓൺ ടാർഗറ്റിലേക്ക് എടുത്തെങ്കിലും ഗോൾകീപ്പറുടെ കയ്യിലൊതുങ്ങി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments