റിയോ ഡി ജനീറോ
കോപാ അമേരിക്ക ഫുട്‌ബോളിന്റെ സ്വപ്‌ന ഫൈനലിന് ഒരു ദിവസം കൂടി മാത്രം. മാറക്കാന സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ നടക്കുന്ന ഫൈനലില്‍ ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടും.
തുല്യശക്‌തികളായതിനാല്‍ ആരു ജയിക്കുമെന്നു പറയുക അസാധ്യം. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസുമായി നടന്ന കൂടിക്കാഴ്‌ചയില്‍ തന്റെ ടീം 5-0 ത്തിനു ജയിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജായിര്‍ ബൊല്‍സോനാരോ പറഞ്ഞു വച്ചു.
കഴിഞ്ഞ 20 മത്സരങ്ങളിലെ കണക്കെടുത്താല്‍ ബ്രസീലിലാണു മുന്‍തൂക്കം. 12 മത്സരങ്ങളില്‍ അവര്‍ ജയമറിഞ്ഞു. അഞ്ച് മത്സരങ്ങളിലാണ് അര്‍ജന്റീന ജയിച്ചത്. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ബ്രസീല്‍ എട്ടും അര്‍ജന്റീന മൂന്നും എവേ ജയങ്ങള്‍ സ്വന്തമാക്കി. എവേ ജയങ്ങളിലും ബ്രസീലാണു കേമന്‍. നാലു വട്ടമാണു ബ്രസീല്‍ അര്‍ജന്റീനയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്‌്. അര്‍ജന്റീന രണ്ടുവട്ടം തിരിച്ചടിച്ചു. അവസാന അഞ്ച് മത്സരങ്ങളുടെ കണക്കുകളിലും ബ്രസീലിനു മുന്‍തൂക്കമാണ്. മൂന്നില്‍ അവര്‍ ജയിച്ചപ്പോള്‍ അര്‍ജന്റീന രണ്ടില്‍ ജേതാക്കളായി. ടിറ്റോ പരിശീലിപ്പിക്കുന്ന ബ്രസീല്‍ ഗോളടിക്കുന്നതില്‍ മാത്രമല്ല തടുക്കുന്നതിലും മുന്നിലാണ്. സീസണിലെ ആറ് മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്.
തിയാഗോ സില്‍വ, മാര്‍ക്വിനോസ്, ഈഡര്‍ മിലിറ്റാവോ എന്നിവരുടെയും ഗോള്‍ കീപ്പര്‍ എഡേഴ്‌സണിന്റെയും സാന്നിധ്യം അവരുടെ കരുത്തായി. ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍മാരായ കാസെമിറോയും ഫ്രെഡും കളം നിറഞ്ഞു കളിക്കുന്നവരുമാണ്. റൈറ്റ് ബാക്ക് ഡാനിലോയും ലെഫ്‌റ്റ് ബാക്ക് റെനാന്‍ ലോഡിയും അങ്ങനെ കയറിക്കളിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല.
നെയ്‌മര്‍, റിച്ചാര്‍ലിസണ്‍ എന്നിവരില്‍ തുടങ്ങിയ ഗോള്‍ കീപ്പറില്‍ അവസാനിക്കുന്ന തങ്ങളുടെ നിര കിരീടം നിലനിര്‍ത്തുമെന്നു കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ കാസെമിറോ അവകാശപ്പെട്ടു. ടിറ്റെയ്‌ക്കു പ്രതിരോധത്തെ അമിതമായി ആശ്രയിക്കേണ്ടി വരുന്നുണ്ട്. സ്‌ട്രൈക്കര്‍മാരായ റിച്ചാര്‍ലിസണും റോബര്‍ട്ടോ ഫിര്‍മിനോയും ഇതുവരെ ഓരോ ഗോള്‍ വീതമാണു നേടിയത്. ഫൈനലില്‍നിന്നു വിലക്ക് ലഭിച്ച ഗബ്രിയേല്‍ ജീസസിന് ഇതുവരെ ഗോളടിക്കാനുമായില്ല.
മെസിയുടെ തളയ്‌ക്കാന്‍ കൂടുതല്‍ ശ്രമിക്കും തോറും ബ്രസീലിന്റെ ഗോളടിക്കാനുള്ള സാധ്യതകള്‍ കുറയുകയാണ്. നാലു ഗോളുകളടിക്കുകയും അഞ്ച് അസിസ്‌റ്റുകളുമായി നിറഞ്ഞു നില്‍ക്കുകയും ചെയ്‌ത ലയണല്‍ മെസിയാണ് അര്‍ജന്റീനയുടെ ശ്രദ്ധാകേന്ദ്രം.
28 വര്‍ഷത്തിനു ശേഷം സ്വന്തം രാജ്യത്തേക്ക് ഒരു രാജ്യാന്തര കിരീടം കൊണ്ടുവരികയാണു മെസിയുടെ ലക്ഷ്യം. നികോ ഗൊണ്‍സാലസ്, ലൗട്ടേറോ മാര്‍ട്ടിനസ് എന്നിവര്‍ മെസിക്കൊപ്പം കളിക്കുന്ന ശൈലിയാണു കോച്ച് ലയണല്‍ സ്‌കലോണി പിന്തുടരുന്നത്. കൊളംബിയയ്‌ക്കെതിരേ നടന്ന സെമി ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും ശ്രദ്ധാകേന്ദ്രമാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ താരങ്ങളുടെ മൂന്ന് കിക്കുകളാണു മാര്‍ട്ടിനസ് തടുത്തത്.
റോഡ്രിഗോ ഡി പോള്‍, ജിയോവാനി ലോ സെല്‍സോ എന്നിവര്‍ക്കൊപ്പം ലിയാന്‍ഡ്രോ പാരഡേസും മധ്യനിരയില്‍ അണിനിരക്കുന്നതോടെ ബ്രസീല്‍ വിയര്‍ക്കും. ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറുടെ അഭാവം ഗിഡോ റോഡ്രിഗസിലൂടെ നികത്താമെന്ന പ്രതീക്ഷയിലാണ് സ്‌കലോണി. ലിയാന്‍ഡ്രോ പാരഡേസിനെയും ഗിഡോയെയും ഒരുമിച്ചിറക്കി 4-4-2 ഫോര്‍മേഷന്‍ പരീക്ഷിക്കാനും സ്‌കലോണി മടിച്ചേക്കില്ല. വെറ്ററന്‍ താരം സെര്‍ജിയോ അഗ്യൂറോയെ റിസര്‍വ് ബെഞ്ചിലിരുത്താന്‍ തക്ക കെല്‍പ്പുണ്ട് അര്‍ജന്റീന മുന്നേറ്റ നിരയ്‌ക്ക്. പകരക്കാരനായി എയ്‌ഞ്ചല്‍ ഡി മരിയയ്‌ക്കാണു സ്‌കലോണി മുന്‍ഗണന നല്‍കുന്നത്.
ഇതുവരെ 4 ഫൈനലുകള്‍
മെസിയുടെ അര്‍ജന്റീനയ്‌ക്കൊപ്പം ഒരു കിരീടം മോഹമാണ് ഇതുവരെ നടക്കാത്തത്. നാലു തവണ മെസി അര്‍ജന്റീനയ്‌ക്കു വേണ്ടി ഫൈനലില്‍ കളിച്ചു. 2007 ലെ കോപാ അമേരിക്ക ഫൈനലായിരുന്നു ആദ്യത്തേത്. ബ്രസീലിനോട് 3-0 ത്തിനാണ് അന്നു തോറ്റത്.
2014 ലെ ലോകകപ്പ് ഫൈനല്‍ ആയിരുന്നു രണ്ടാമത്തേത്. മരിയോ ഗോട്‌സെയുടെ ഗോളില്‍ ജര്‍മനി അര്‍ജന്റീനയെ തോല്‍പ്പിച്ചു കിരീടം നേടി. 2015 ലും 2016 ലും ചിലിക്കു മുന്നില്‍ അര്‍ജന്റീന തോറ്റു. ചിലിക്കെതിരേ മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു. നാലു ഫൈനലിലും മെസിക്കു ഗോളടിക്കാനായില്ല