ബ്രസീൽ വിജയം ആധികാരികം

0
31

കോപാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീലിന്‌ വിജയത്തുടര്‍ച്ച. നില്‍ട്ടണ്‍ സാന്റോസ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ പെറുവിനെ 4-0 ത്തിനാണു തകര്‍ത്തത്‌.
രണ്ട്‌ കളികളില്‍നിന്ന്‌ ആറ്‌ പോയിന്റ്‌ നേടിയ ബ്രസീല്‍ ബി ഗ്രൂപ്പില്‍ ഒന്നാം സ്‌ഥാനത്തു തുടരുകയാണ്‌. രണ്ട്‌ കളികളില്‍നിന്നു നാലു പോയിന്റുള്ള കൊളംബിയ പിന്നാലെയുണ്ട്‌്. കോപയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ കൊളംബിയയെ വെനസ്വേല ഗോള്‍രഹിത സമനിലയില്‍ കുടുക്കി. വെനസ്വേല ഗോള്‍ കീപ്പര്‍ വൂളികര്‍ ഫാരിനെസിന്റെ പ്രകടനമാണു കൊളംബിയയെ ഗോളടിക്കുന്നതില്‍നിന്നു തടഞ്ഞത്‌്.
പെറുവിന്റെ കോപയിലെ ആദ്യ മത്സരമായിരുന്നു നടന്നത്‌. 20 നു നടക്കുന്ന അടുത്ത മത്സരത്തില്‍ അവര്‍ കൊളംബിയയെ നേരിടും. 23 നാണു ബ്രസീലും കൊളംബിയയും തമ്മിലുള്ള പോരാട്ടം. ടിറ്റെയുടെ ശിഷ്യന്‍മാരുടെ തുടര്‍ച്ചയായ ഒന്‍പതാം ജയമാണിത്‌. അതില്‍ ആറു മത്സരങ്ങളിലും അവര്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല.
പെറുവിനെതിരേ ബ്രസീലിനു വേണ്ടി അലക്‌സ് സാന്‍ഡ്രോ, നെയ്‌മര്‍, എവര്‍ടണ്‍ റിബേറിയോ, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ഗോളടിച്ചു. ബ്രസീല്‍ പെറുവിനെതിരേ കളിച്ച 19 മത്സരങ്ങളില്‍ പതിമൂന്നിലും ജയിച്ചു. മൂന്നെണ്ണത്തിലാണു പെറു ജയിച്ചത്‌. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബ്രസീലിനെ നെയ്‌മര്‍ തന്നെയാണ്‌ മുന്നില്‍നിന്നു നയിച്ചത്‌. ഒരു ഗോളടിച്ച താരം ഒരു ഗോളിന്‌ വഴിവെക്കുകയും ചെയ്‌തു. നെയ്‌മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരെ മുന്‍നിര്‍ത്തിയ 4-4-2 ഫോര്‍മേഷനിലാണു ബ്രസീല്‍ കോച്ച്‌ ടിറ്റെ താല്‍പര്യപ്പെട്ടത്‌. പെറു കോച്ച്‌ റിക്കാഡോ ആല്‍ബര്‍ട്ടോ ഗാരേസ നാര്‍ഡി 4-2-3-1 ഫോര്‍മേഷനിലാണു താല്‍പര്യപ്പെട്ടത്‌. ഗ്യാന്‍ ലാപുഡുലയാണു മുന്നില്‍നിന്നു കളിച്ചത്‌.
പതിഞ്ഞ തുടക്കം കണ്ട മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ഒരു ഗോള്‍ മാത്രമാണു വീണത്‌. 12-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ്‌ നല്‍കിയ പന്ത്‌ പെറു പ്രതിരോധക്കാരെയും ഗോള്‍ കീപ്പര്‍ പെഡ്രോ ഗാലാസിനെയും മറികടന്ന്‌ അലെക്‌സ് സാന്‍ഡ്രോ വലയിലാക്കി. തുടര്‍ന്നു ബ്രസീല്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയില്ല. സമനില നേടാനുള്ള പെറുവിന്റെ ശ്രമങ്ങള്‍ക്കും ഗോള്‍ കീപ്പര്‍ എഡേഴ്‌സണിന്റെ അടുത്തു വരെ എത്താനുമായില്ല. 68-ാം മിനിറ്റില്‍ ഫ്രെഡിന്റെ സഹായത്തോടെ നെയ്‌മര്‍ ലീഡ്‌ ഇരട്ടിയാക്കി.
നായകന്റെ 20 വാര അകലെനിന്നുള്ള ഷോട്ട്‌ വലയില്‍ കയറുന്നതു മനോഹരമായ കാഴ്‌ചയായി. ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന (77) ഇതിഹാസ താരം പെലെയുടെ റെക്കോഡിന്‌ ഒപ്പമെത്താന്‍ നെയ്‌മറിന്‌ ഒന്‍പത്‌ ഗോളുകള്‍ കൂടി മതി. ഗോളിനു തൊട്ട്‌ മുമ്പായി റഫറി ബ്രസീലിന്‌ അനുകൂലമായ ഒരു പെനാല്‍റ്റി വിധിച്ചിരുന്നു. വാറിലൂടെ ഇത്‌ ഒഴിവാക്കുകയായിരുന്നു. പെറു ബോക്‌സില്‍ ടാപിയ നെയ്‌മറിനെ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. വാറില്‍ ഫൗളല്ലെന്നു വ്യക്‌തമായതോടെ റഫറി തീരുമാനം മാറ്റി. വെനസ്വേലയ്‌ക്കെതിരേ നടന്ന ആദ്യ മത്സരത്തിലും നെയ്‌മര്‍ ഗോളടിക്കുകയും അസിസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ ഫിര്‍മിനോയും നെയ്‌മറും അവസരങ്ങള്‍ പാഴാക്കി. 89-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ സഹായത്തോടെ എവര്‍ട്ടണ്‍ റിബറിയോയും ഇഞ്ചുറി ടൈമില്‍ റിച്ചാര്‍ലിസണും ഗോളടിച്ചു

Leave a Reply