Sunday, November 24, 2024
HomeNewsNationalബ്രിടീഷുകാരുടെ ക്രൂരതയുടെ അതെ അവസ്‌ഥ സ്വന്തം രാജ്യത്ത് നിന്ന് ഏൽക്കുന്നത് വേദന ജനകം : ലക്ഷദ്വീപ്...

ബ്രിടീഷുകാരുടെ ക്രൂരതയുടെ അതെ അവസ്‌ഥ സ്വന്തം രാജ്യത്ത് നിന്ന് ഏൽക്കുന്നത് വേദന ജനകം : ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്ററുടെ ജനവിരുദ്ധ പ്രവർത്തനങ്ങൾ വിവരിച്ച് ലക്ഷദ്വീപ് നിവാസിയുടെ കുറിപ്പ് ചർച്ചയാവുന്നു

ഞാൻ ഫിറോസ് നെടിയത്ത്‌. ലക്ഷദ്വീപിലെ കൽപേനി ദ്വീപാണ് എന്റെ നാട്. അവിടെയാണ് ഞാൻ ജനിച്ചു വളർന്നത്. വളരെ ലളിതമായ ജീവിത സാഹചര്യത്തിൽ, കേരളത്തെ ആശ്രയിച്ചു തന്നെയാണ് ലക്ഷദ്വീപ് അന്നും ഇന്നും തുടരുന്നത്. ഇന്ന് നിങ്ങൾ കേട്ട് തുടങ്ങിയ ലക്ഷദ്വീപ് പ്രശ്നങ്ങളെക്കുറിച്ച് ലക്ഷദ്വീപുകാരൻ ആയ എന്റെ കാഴ്ച്ചപ്പാടുകൾ കൂടി പറയട്ടെ. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോൾ ഞങ്ങൾ അത് അറിയാനായി നാല് മാസത്തോളം എടുത്തിട്ടുണ്ട് എന്നാണ് കേട്ടറിവ്. അന്ന് ലക്ഷദ്വീപിൽ നിന്നും സ്വാതന്ത്യ സമരത്തെ പിന്തുണച്ചു പോയവരിൽ ചിലർ തിരികെ ഓടത്തിൽ (പായ്കപ്പൽ) വന്നതോടെ ആയിരുന്നു നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അറിയുന്നതും (ദ്വീപീന്നു പോയ ഒരു പായക്കപ്പൽ തിരികെ എത്തിയാൽ മാത്രമേ അന്ന് കേരളത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിരുന്നുള്ളു.. ഇല്ലെങ്കിൽ അവരുടെ പായ്ക്കപ്പൽ മുങ്ങിപ്പോയിക്കാണും എന്നാണ് വിശ്വസിച്ചിരുന്നത്) ആനന്ദത്തിൽ പങ്കാളികളാവുന്നതും. അത് ലക്ഷദ്വീപിനേ സംബന്ധിച്ചെടുത്തോളം ഒരു വലിയ നേട്ടമാണ്. ബ്രിട്ടീഷുകാരുടെ ക്രൂരതകൾക്ക് ബലിയാടുകൾ ആവേണ്ടി വന്ന ചെറുതുരുത്തുകൾ ആയിരുന്നു നമ്മൾ. ഇന്ന് അതേ അവസ്ഥയോട് സാമ്യം നിൽക്കുന്ന തരത്തിൽ സ്വന്തം രാജ്യത്തിൽ നിന്നും അനുഭവിക്കുക എന്നത് അതിനേക്കാൾ വേദനാജനകമെന്നു വേണം പറയാൻ. ഈ സാഹചര്യങ്ങൾക്കെല്ലാം തുടക്കം ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ മരണത്തോട് കൂടിയാണ്. പകരക്കാരനായി വന്ന പ്രഫുൽ ഗൗഡ പട്ടേൽ എന്ന് ലക്ഷദ്വീപിൽ കാലുകുത്തിയോ അന്ന് തുടങ്ങി പ്രശ്നങ്ങൾ. പൊതുവെ IAS /IPS ഉദ്യോഗസ്ഥർ വഹിച്ചിരുന്ന പദവിയാണ് BJP leader ആണ് എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന് കിട്ടിയത്.
ഒരു വർഷമായി കോവിഡ് കേരളത്തിലെത്തിലെത്തിയിട്ടും ദ്വീപിൽ ഒരു കേസ് പോലും റിപ്പോർട്ട്‌ ചെയ്തിരുന്നില്ല.കാരണം,ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ 14 ദിവസം കേരളത്തിലും 7 ദിവസം ദ്വീപിലും ക്വാറന്റൈൻ നിർബന്ധം ആക്കിയിരുന്നു. ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇടത്ത് എന്ന് ക്വാറന്റൈൻ രീതികൾ നീക്കം ചെയ്തോ അതിന്റെ പിന്നാലെ തന്നെ കൊറോണ കപ്പൽ പിടിച്ചു എത്തി. ഒരു തരത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പ്രഫുൽ ഗൗഡയുടെ വരവ്. അതിനെ ചോദ്യം ചെയ്തതിൽ പിന്നെയാണ് അയാൾ ആ പ്രോട്ടോകാൾ എടുത്തുകളയുന്നത്.
100 % മുസ്ലീങ്ങൾ മാത്രമുള്ള ഒരു പ്രദേശം എന്ത് കൊണ്ടും NRC, CCA എതിർക്കുമല്ലോ, പ്രൊട്ടെസ്റ്റ് നടത്തിയ ബോർഡുകൾ കണ്ടത് അയാളെ കൂടുതൽ ചൊടുപ്പിപ്പിക്കുകയും അത് ചെയ്തവരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
ലക്ഷദ്വീപ് മാസ്സ് കേരളത്തിലെ ലക്ഷദ്വീപ് സൗഹൃദങ്ങൾ ഉള്ളവർക്ക് പരിചമായ ഒന്നാണ്. 50 % ഓളം വരുന്ന ലക്ഷദ്വീപിലെ മൽസ്യതൊഴിലാളികൾ വർഷങ്ങളായി അവരുടെ ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും കേടുപാടുകൾ മാറ്റുന്നതിനും ചൂര മാസ്സാക്കുന്നതിനും തീരപ്രദേശത്തെ തന്നെയാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ, ഇത്രയും ദിവസം കൊണ്ട് തന്നെ അത് സ്വമേധയാ പൊളിച്ചു നീക്കം ചെയ്യണം എന്നും അല്ലെങ്കിൽ അവിടത്തെ ഷെഡ്ഡുകൾ അവർ പൊളിക്കുമെന്നും ഉത്തരവിറക്കി. എന്നാൽ കവരത്തി ദ്വീപിലെ സാന്റി ബീച്ച്, കലാ സോഷ്യൽ മേഖലകളിലും സ്കൂബ ഡൈവിങ്ങിനും പേര് കേട്ട മൊത്തം ദ്വീപുകാർക്കും പ്രിയപ്പെട്ട ഇടമാണ്. വൈകുന്നേരങ്ങളിൽ ഒരു ചായക്കൊപ്പം സൗഹൃദം പങ്കുവെക്കുന്ന ഇടത്തെയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ JCB ഉപയോഗിച്ച് പൊളിക്കുന്നത് നോക്കി നിൽക്കാനേ ദ്വീപ് ജനങ്ങൾക്ക് കഴിഞ്ഞുള്ളൂ.
പിന്നെ റോഡ് വികസനം, എന്റെ വീട് റോഡിൻറെ അടുത്ത് തന്നെയാണ്, ഇനി അതിനെ വീതി കൂട്ടുകയാണെങ്കിൽ എന്റെ വീട്ടിൽക്കൂടിയായിരിക്കും വാഹനങ്ങൾ പോകുന്നത്. ദ്വീപിൽ അപകട നിരക്ക് വളരെ കുറവാണ്. 7 മീറ്റർ വീതിയുള്ള റോഡ് ഈ കുഞ്ഞു സഥലത്ത് ഉണ്ടാക്കീട്ട് ഞങ്ങളെ റോഡിൽ കിടത്താനാണോ ഇവരുടെ ഉദ്ദേശം?
ലക്ഷദ്വീപ് മദ്യനിയന്ത്രണങ്ങൾ ഉള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരിൽ മദ്യം എത്തിക്കാനുള്ള പ്ലാനും നീങ്ങുന്നുണ്ട് എന്നാണ് കേട്ടത്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയിൽ നിന്ന് മാറ്റുകയും അഡ്മിനിസ്ട്രേറ്റർ മാത്രം ചുമതല വരുത്തുകയും ചെയ്തതോടു കൂടി പഞ്ചായത്തിന്റെ, അതായത് ദ്വീപ് ജനതയുടെ വായയും അവർ അടച്ചു. ഇനി അവരുടെ ഉത്തരവുകൾക്ക് വഴങ്ങികൊടുക്കേണ്ടവർ ആയി ജീവിക്കണം എന്നത് ആണ് ലക്ഷ്യം.
മറൈൻ വാച്ചേഴ്സ് ആയി ഓരോ ദ്വീപിൽ നിന്നും 15 പിള്ളേരെ എടുത്തിട്ടുണ്ടായിരുന്നു. അവരുടെ സേവനം ലക്ഷദ്വീപ് കണ്ടതാണ്. ലക്ഷദ്വീപിന്റെ നിലനിൽപിന് വേണ്ടി മണൽ വാരലും സീ കുംകുബർ എടുക്കൽ തടയലും അവർ 24 മണിക്കൂറും സജീവമായി ചെയ്തിരുന്നു. ഇപ്പോൾ ആ ജോലി തുടരുന്നതിന് അഡ്മിനിസ്റ്റർ ഒപ്പുവെക്കുന്നില്ല. അവരുടെ ജോലി ഇനി ഉണ്ടോ എന്ന് തന്നെ ആശങ്കയാണ്. ട്രൈനിങ്ങിലൂടെയും മറ്റും എടുത്ത പിള്ളേരാണ് എന്ന് കൂടി നിങ്ങൾ ഓർക്കണം. കൂടാതെ ടൂറിസത്തിലെ ജീവനക്കാരെയും സ്കൂളിലെ അധ്യാപകരെയും ആയമാരെയും പിരിച്ചു വിട്ടതായി അറിയാൻ കഴിഞ്ഞു.
എന്ത് തന്നെയായാലും വളരെ സമാധാനത്തോടും ആതിഥേയ മര്യാദയോടും കൂടി ജീവിച്ചു പോയിരുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയിലേക്ക് ആണ് അവർ വിഷം കുത്തി നിറക്കുന്നത്, അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നത്. നാളെ ഒരു പലസ്തീൻ അല്ലെങ്കിൽ മറ്റൊരു കശ്മീർ അറബിക്കടലിൽ ഉണ്ടാവാതിരിക്കാൻ, ഇന്ത്യ മുഴുവൻ കൊറോണ പോലെ പടരുന്ന ഒരു വലിയ ശക്തിയോടാണ് നാം പോരാടുന്നത്. കേവലം 80,000 പേര് മാത്രം കൂട്ടിയാൽ കൂടുന്നതല്ലല്ലോ അത്. വയ്യായ്മ വന്നാൽ ഞങ്ങൾ ഓടി എത്തുന്നത് കേരളത്തിലോട്ടാണ്. ബിജെപിയെ തുരത്തിയവരാണ് കേരളം, അത് ഞങ്ങൾക്ക് ഊർജമാണ്. എന്റെ എല്ലാ സൗഹൃദങ്ങൾക്കും ലക്ഷദ്വീപിൽ വരാൻ ആഗ്രഹമുള്ളവരാണ്. നാളെ അവിടെ അങ്ങനെ ഒരിടം ഉണ്ടെങ്കിലേ നമുക്കാ അറബിക്കടലിലെ പവിഴതുരുത്തുകൾ കാണാനൊക്കൂ. ഇവിടെ ദ്വീപ് ജനത നിസ്സഹായാരാണ് എല്ലാവരും.. കൂടെ കാണും എന്ന പ്രതീക്ഷയോടെ ഒരു ലക്ഷദ്വീപുകാരൻ…❣️

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments