Wednesday, July 3, 2024
HomeLatest News'ഞാൻ രാജി വെക്കില്ല'; മന്ത്രിമാരുടെ രാജിക്കിടയിൽ പ്രതികരണവുമായി ബോറിസ് ജോൺസൺ

‘ഞാൻ രാജി വെക്കില്ല’; മന്ത്രിമാരുടെ രാജിക്കിടയിൽ പ്രതികരണവുമായി ബോറിസ് ജോൺസൺ

താൻ രാജി വെക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു ജോൺസൺ തന്റെ നിലപാട് പറഞ്ഞത്. മന്ത്രിസഭയിൽ നിന്നും അംഗങ്ങൾ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോൺസൺ നയം വ്യക്തമാക്കിയത്. ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യം ഏറ്റവുമൊടുവിൽ മാത്രം ആവശ്യപ്പെടുന്ന കാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഞാൻ സ്ഥാനമൊഴിയാൻ പോകുന്നില്ല. തുറന്ന് പറയുകയാണെങ്കിൽ, രാജ്യം ഏറ്റവുമവസാനം മാത്രം ആഗ്രഹിക്കുന്ന കാര്യമാണ് ഒരു തെരഞ്ഞെടുപ്പ്,” ബോറിസ് ജോൺസൺ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ രാജി വെക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ ഒരു സ്ഥിരീകരണം നൽകാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

കൊവിഡ് മഹാമാരിക്കിടയിലെ പാർട്ടിഗേറ്റ് വിവാദമടക്കം നിരവധി ആക്ഷേപങ്ങൾ നേരിടുന്ന ബോറിസ് ജോൺസൺ സർക്കാരിൽ നിന്നും രണ്ട് മന്ത്രിമാരായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി രാജി വെച്ചത്. രണ്ട് ഡസനിലധികം എം.പിമാരും പാർട്ടിയിൽ നിന്നും രാജി വെച്ചിട്ടുണ്ട്.

ഇതിന് പുറമെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, സർക്കാരിന്റെ ഭാഗമായ മറ്റ് അംഗങ്ങൾ എന്നിവരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂട്ടത്തോടെ രാജി വെക്കുന്നുണ്ട്. ഇതോടെ സർക്കാരിന്റെ ഭാഗമായി നിന്നവരിൽ 30ലധികം പേർ രാജി വെച്ചതായാണ് റിപ്പോർട്ട്.

മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർ ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ ആവശ്യമുന്നയിച്ച മുതിർന്ന മന്ത്രിയായ മൈക്കൽ ഗോവിനെ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബ്രെക്സിറ്റ് വിഷയങ്ങളിലടക്കം ബോറിസ് ജോൺസന്റെ വലംകൈയായി പ്രവർത്തിച്ചിരുന്നയാളായിരുന്നു മൈക്കൽ ഗോവ്.

അതേസമയം കൺസർവേറ്റീവ് പാർട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോൺസൺ സർക്കാരിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച, കാബിനറ്റ് മന്ത്രിമാരായ സജിദ് ജാവിദ്, റിഷി സുനക് എന്നിവരുടെ രാജിയോടെയായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമായത്. പിന്നീടാണ് ജൂനിയർ മന്ത്രിമാരും മറ്റ് പാർലമെന്റംഗങ്ങളും കൂട്ടത്തോടെ രാജിയിലേക്ക് നീങ്ങിയത്.
പാർട്ടിഗേറ്റ് വിവാദമായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബോറിസ് ജോൺസൺ പാർട്ടി നടത്തിയെന്ന ആക്ഷേപങ്ങളുയർന്ന വിഷയത്തിലും പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് നിരവധി എം.പിമാർ ആരോപിച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട എം.പിക്ക് ബോറിസ് ജോൺസൺ സർക്കാരിൽ പ്രൊമോഷൻ നൽകിയതും ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments