ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖ മുന്നോട്ടുവെച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. എല്ലാവര്‍ക്കും വികസനം എത്തിക്കുന്ന രാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. കോവിഡ് മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തിലും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ഡോക്ടര്‍മാരും നഴ്‌സുമാരും ശാസ്ത്രജ്ഞരും മറ്റു ആരോഗ്യപ്രവര്‍ത്തകരും ഒരു കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. കോവിഡ് പ്രതിരോധത്തില്‍ മികച്ച സംഭാവന നല്‍കിയ ആരോഗ്യപ്രവര്‍ത്തകരോടും മുന്നണിപ്പോരാളികളോടും രാഷ്ട്രപതി നന്ദി പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവരെ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമായി. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് പാവപ്പെട്ടവര്‍ക്ക് മരുന്ന് ലഭിക്കുന്നു. അംബേദ്ക്കറുടെ തുല്യതാ നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് രൂപം നല്‍കി. ലോകത്ത് ഏറ്റവും വലിയ ഭക്ഷ്യവിതരണ പരിപാടി നടക്കുന്നത് ഇന്ത്യയിലാണ്. ഇത് മാര്‍ച്ച് വരെ നീട്ടിയതായും രാഷ്ട്രപതി അറിയിച്ചു.
പൗരന്മാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജന്‍ധന്‍- ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. കോവിഡ് മഹാമാരി കാലത്തും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം ലഭിച്ചു. ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കിയ 44 കോടി ദരിദ്രജനവിഭാഗങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെട്ടതെന്നും രാഷ്ട്രപതി പറഞ്ഞു.
ഘര്‍ ഘര്‍ ജല്‍ എന്ന പേരില്‍ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും. രാജ്യത്തെ നിര്‍ണായക ശക്തിയായ കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി വലിയ നേട്ടമായി. 11 കോടി കര്‍ഷകര്‍ക്ക് 6000 രൂപ വീതം പ്രതിവര്‍ഷം നല്‍കി. നദീസംയോജന പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. വിവാഹ പ്രായം 21 ആക്കുന്നത് ഇതിന്റെ ഭാഗമായാണ്. മുത്തലാഖ് നിരോധനം വാനിതാ ശാക്തീകരണത്തിന് കരുത്തായതായും രാഷ്ട്രപതി പറഞ്ഞു.
തൊഴില്‍ അവസരം കൂടി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി ആരംഭിച്ച 7000 സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ലക്ഷകണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ചെറുകിട വ്യവസായ രംഗത്ത് ഒന്നര കോടി തൊഴിലുകള്‍ സൃഷ്ടിച്ചതായും രാഷ്ട്രപതി അറിയിച്ചു.