Pravasimalayaly

കോട്ടയം പാമ്പാടിയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു

കോട്ടയം പാമ്പാടിയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു.പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.

രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേവിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

ഫലപ്രാപ്തിയില്ലെന്ന ആരോപണം ശക്തമായിരിക്കെ,പേ വിഷബാധയ്‌ക്കെതിരായ വാക്‌സീന്റെ ഒരു ബാച്ചിന്റെ വിതരണം പിന്‍വലിച്ചു. വാക്‌സീന്‍ സാമ്പിള്‍, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് വാക്‌സീന്റെ ഒരു ബാച്ച് പിന്‍വലിച്ചത്. വാക്‌സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്.

കെബി 210002 എന്ന ബാച്ച് വാക്‌സീനാണ് അടിയന്തരമായി പിന്‍വലിച്ചത്. ആശുപത്രികളില്‍ നിന്നും വെയര്‍ ഹൗസുകളില്‍ നിന്നും വാക്‌സീന്റെ ഈ ബാച്ച് പിന്‍വലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. വാക്‌സീന്‍ പിന്‍വലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വെയര്‍ഹൗസുകള്‍ക്ക് കെഎംഎസ്‌സിഎല്‍ നിര്‍ദ്ദേശം നല്‍കി.

Exit mobile version