കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നൂറോളം പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് മുന്‍ വശത്താണ് അപകടം ഉണ്ടായത്. പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസും തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റ 60 പേര്‍ കടയ്ക്കല്‍ താലുക്ക് ആശുപത്രിയിലും 41 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഒരു കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടവാര്‍ത്തയറിഞ്ഞതിന് പിന്നാലെ മന്ത്രിമാരായ വീണാ ജോര്‍ജും വി ശിവന്‍കുട്ടിയും ആശുപത്രിയിലെത്തി.
കെഎസ്ആര്‍ടിസി ബസ് കയറ്റം കയറി വരുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് പരുക്കുണ്ട്.ബസില്‍ കുടുങ്ങിയവരെ കടയ്ക്കല്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും കടയ്ക്കല്‍, ചിതറ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. തലയിലും ശരീരമാസകലം പരുക്കേറ്റവരാണ് അധികവും. ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ക്ക് ആണ് കൂടുതലും പരുക്ക്. ഇരു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ സമയം തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ ഗതാഗതം നിലച്ചു