ഐടി മേഖലയിൽ മദ്യശാലകൾ അനുവദിക്കും, മദ്യശാലകളുടെ എണ്ണം കൂട്ടും; പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

0
30

പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടും.  പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് ആണ് സർക്കാർ അംഗീകരിച്ചത്. 

10 വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പബുകൾ ഐടി പാർക്കിനുള്ളിൽ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന്  ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. 

കാർഷിക ഉൽപന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും. തുടക്കം കുറിക്കുക പൊതുമേഖലയിൽ. 2016ൽ പൂട്ടിയ 72 ഔട്ട്‌ലെറ്റുകൾ തുറക്കും.  വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. തിരക്കുള്ള ഔട്ട്‌ലറ്റുകൾ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്ക് മാറ്റും. പാർക്കിങ് സൗകര്യവും ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാനുള്ള സൗകര്യവും ഒരുക്കും. പ്രീമിയം കൗണ്ടറുകൾക്കായിരിക്കും പ്രാധാന്യം നൽകുക. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു. ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave a Reply