കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് തോമസ് വര്‍ഗീസിന്

0
26

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2020 ലെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് ദീപിക തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസ് അര്‍ഹനായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്‌കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.2020 ഡിസംബര്‍ 23 മുതല്‍ 30 വരെ പ്രസിദ്ധീകരിച്ച ‘തീരം തേടുന്ന കാല്‍പ്പന്തുകളി’ എന്ന പരമ്പരക്കാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. എന്‍ രവീന്ദ്രദാസ്, കമാല്‍ വരദൂര്‍, പി കെ രവീന്ദ്രന്‍ എന്നവരടങ്ങന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഒക്ടോബര്‍ 18ന് തിങ്കളാഴ്ച 3.30ന് ഹോട്ടല്‍ അളകാപുരിയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കും.മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി രാജാ അവാര്‍ഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. ദേശീയ സ്‌കൂള്‍ ഗെയിംസിലെ മികച്ച റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്, ജി. വി രാജാ അഖിലേന്ത്യാ ഫുട്‌ബോള്‍ റിപ്പോര്‍ട്ടിംഗ്, നാഷ്ണല്‍ സകൂള്‍ ഗെയിംസ് റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കോമണ്‍ വെല്‍ത്ത് ഗയിംസ്, സാഫ് ഫുട്‌ബോള്‍, 9 തവണ ദേശീയ സ്‌കൂള്‍ ഗെയിംസ് എന്നിവ ദീപികയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി കുമളി ചക്കുപള്ളം വളയംകുഴിയില്‍ ജോര്‍ജിന്റെയും ഡെയ്‌സിയുടേയും പുത്രന്‍. ഭാര്യ ലിന്‍സി ഫിലിപ്‌സ്. മകള്‍ മരിയ തോമസ്.

Leave a Reply