കനറാ ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത് ബാങ്ക് ജീവനക്കാരൻ മുങ്ങി.
കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്നും 8.13 കോടി രൂപ തട്ടിയെടുത്താണ് കൊല്ലം സ്വദേശിയായ വിജിഷ് വർഗീസാണ് പലപ്പോഴായി ബാങ്കിൽ നിന്നും പണം തട്ടിയെടുത്ത ശേഷം മുങ്ങിയത്. ഇയാൾ കുടുംബത്തോടൊപ്പം ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
വിവിധ സമയങ്ങളിലായി നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്നുമാണ് വിജിഷ് പണം തട്ടിയെടുത്തിരിക്കുന്നത്.ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിനിടയിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ദീർഘനാളായി പണം പിൻവലിക്കാത്ത ഡെപോസിറ്റുകളിൽ നിന്ന് വിജിഷ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ബാങ്ക് ഓഡിറ്റിങ്ങ് റിപ്പോർട്ട്.
മേലധികാരികൾ ഇല്ലാത്ത സമയത്ത് അവരുടെ കമ്പ്യൂട്ടർ ഉപയോഗിച്ച് വിജിഷ് ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ ബാങ്ക് ബ്രാഞ്ച് മാനേജർ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
വിജീഷിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. ഇയാൾ സംസ്ഥാനത്തിനുള്ളിൽ തന്നെയാണ് ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തേക്ക് സഞ്ചരിക്കുക പ്രയാസമാണ്. ഉടൻ പ്രതിയെ പിടികൂടാനാകുമെന്നാണ് സൂചന.