സ്വര്‍ണം കള്ളക്കടത്ത്, കമ്മീഷന്‍ തുടങ്ങിയ ഇനങ്ങളില്‍ ലഭിച്ച കോടികള്‍ സ്വപ്‌ന സുരേഷ് വിദേശത്തേക്കു കടത്തി. നയതന്ത്ര പരിരക്ഷ ഉപയോഗിച്ചു പണം കടത്തിയെന്നാണു വിവരം. വിദേശ കറന്‍സി നല്‍കിയ തിരുവനന്തപുരം സ്വദേശി പ്രവീണിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പല തവണ വിദേശ കറന്‍സി നല്‍കിയിട്ടുണ്ടെന്നാണ് ഇയാളില്‍നിന്നു ലഭിച്ച വിവരം.
ഓണത്തിനു മറുനാടന്‍ പൂക്കള്‍ക്കു വിലക്ക്. പുറത്തു നിന്നുള്ള പൂക്കള്‍ രോഗവ്യാപനം വര്‍ധിപ്പിക്കും. പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും. കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ, ദേശസാത്കൃത ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള നിയമനം ഈ ഏജന്‍സി മുഖേനെയാകും. ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന പൊതുപരീക്ഷയില്‍ പാസായവര്‍ക്ക് നിയമനം നടത്തുന്ന സ്ഥാപനങ്ങളായ സ്റ്റാഫ് സെലക് ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, എസ്ബിഐ, ഐപിബിഎസ് തുടങ്ങിയ ഏജന്‍സികള്‍ വെവ്വേറെ പരീക്ഷ നടത്തും. എല്ലാ ജില്ലയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
കേരളത്തില്‍ ഇന്നലെ 2,333 പേര്‍ക്ക് കോവിഡ് -19. കോവിഡ് ബാധിച്ച് ഇന്നലെ ഏഴു പേര്‍കൂടി മരിച്ചു. ആകെ മരണം 182 ആയി. 17,382 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്കു രോഗം ബാധിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല. 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. 1,69,687 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ രോഗമുക്തരായ 1217 പേരടക്കം ഇതുവരെ 32,611 പേര്‍ രോഗമുക്തി നേടി.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം : തിരുവനന്തപുരം 540, മലപ്പുറം 322, ആലപ്പുഴ 253, എറണാകുളം 230, കോട്ടയം 203, കാസര്‍കോട് 174, കണ്ണൂര്‍ 126, തൃശൂര്‍ 97, പത്തനംതിട്ട 87, കോഴിക്കോട് 78, കൊല്ലം 77, പാലക്കാട് 65, ഇടുക്കി 64, വയനാട് 17.
കേരളത്തില്‍ ഇന്നലെ ഏഴു കോവിഡ് മരണം. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), എറണാകുളം കോതമംഗലം സ്വദേശി ടി.വി മത്തായി (67), എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവര്‍ക്കാണു കോവിഡ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 572 ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), തിരുവനന്തപുരം ജില്ലയിലെ കിഴുവല്ലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാര്‍ (8), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (4), കുളനട (12), എറണാകുളം ജില്ലയിലെ കണ്ടക്കടവ് (സബ് വാര്‍ഡ് 3), പാമ്പാക്കുട (13), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8, 9, 11), കോട്ടയം ജില്ലയിലെ മീനാടം (6), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22).
ഹോട്ട് സ്‌പോട്ടില്‍നിന്ന് 12 പ്രദേശങ്ങളെ ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ മൂരിയാട് (വാര്‍ഡ് 9), തിരുവില്വാമല (4), പാണഞ്ചേരി (6 (സബ് വാര്‍ഡ്) 7, 8), വയനാട് ജില്ലയിലെ അമ്പലവയല്‍ (2, 3), തരിയോട് (8, 9), കോട്ടത്തറ (10), പാലക്കാട് ജില്ലയിലെ നെന്മാറ (19), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (1, 10, 11), ഈസ്റ്റ് എളേരി (14, 15), പാലക്കാട് ജില്ലയിലെ അഗളി (9), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (6), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നിലേശ്വരം (1).
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പു കൂസാതെ തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്. കേന്ദ്രമന്ത്രിസഭയുടേതാണു തീരുമാനം. പൊതു – സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗോഹട്ടി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനികള്‍ക്കു നല്‍കും.
തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമനടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിമാനത്താവളം അദാനിക്ക് തീറെഴുതുന്നതിലൂടെ ബിജെപി കോടികളുടെ അഴിമതി നടത്തിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
സെക്രട്ടേറിയറ്റിലെ ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും തരാനാവില്ലെന്ന് സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തോട് സംസ്ഥാന പൊതു ഭരണ വകുപ്പ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു നിറുത്തിവച്ചു. ദൃശ്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ സുരക്ഷിതമായി ഉണ്ട്. ആവശ്യമുള്ള ഭാഗങ്ങള്‍ പരിശോധിച്ചശേഷം ആവശ്യപ്പെട്ടാല്‍ തരാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ക്രൈംബ്രാഞ്ചിന് കേസെടുക്കാന്‍ ഡിജിപിയുടെ അനുമതി വേണമെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ തിരുത്തി. കടുത്ത വിമര്‍ശം ഉയര്‍ന്നതിനാലാണു തിരുത്തല്‍. കോടതി നിര്‍ദേശിച്ചാല്‍പോലും കേസെടുക്കാന്‍ ഡിജിപിയുടെ ഉത്തരവ് വേണമെന്ന നിര്‍ദേശമാണ് തിരുത്തിയത്.
സംസ്ഥാനത്തെ സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന് കരിക്കുലം കമ്മറ്റി. ഓണ്‍ലൈന്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിന് എസ്.സി.ഇ.ആര്‍.ടി-യുടെ ഡയക്ടറുടെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തും.
ജൂനിയര്‍ ഡോക്ടര്‍മാരുടെ മുടങ്ങിയ ശമ്പളം ഇന്നു നല്‍കും, തസ്തികയും നിര്‍ണയിച്ചു. എന്‍എച്ച് എം ഡോക്ടര്‍മാരുടെ അതേ സേവന വ്യവസ്ഥകള്‍ ലഭിക്കും. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും, സമരം പ്രഖ്യാപിക്കുകയും ചെയ്തിരിക്കേയാണ് സര്‍ക്കാര്‍ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
നഗ്‌ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രഹന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ലൈംഗിക വിദ്യാഭ്യാസമെന്ന നിലയിലാണ് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചതെന്നാണു രഹന ഫാത്തിമയുടെ വാദം.
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. പ്രോക്സി വോട്ടുകള്‍ ജനവിധി അട്ടിമറിക്കാനേ സഹായിക്കൂ. ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ രഹസ്യനീക്കത്തിന് സഹായകമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 54കാരനെയും, ഒത്താശ ചെയ്തതിന് കുട്ടികളുടെ അമ്മയേയും പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. 13, 16 വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്. 2016 മുല്‍ പീഡിപ്പിച്ചെന്നാണു കേസ്.
രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്കു സഹായവാഗ്ദാനവുമായി തമിഴ്നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സഹായം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ വ്യാജ വാര്‍ത്തയെന്നു ചാപ്പയടിച്ചു മാധ്യമ പ്രവര്‍ത്തകരെ സൈബര്‍ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മീഡിയ സെന്‍സര്‍ഷിപ്പിലൂടെ അസുഖകരമായ വാര്‍ത്തകളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 979 പേര്‍കൂടി മരിച്ചു. 69,196 പേര്‍കൂടി രോഗികളായി. ഇതുവരെ 53,994 പേര്‍ മരിക്കുകയും, 28,35,822 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 6.85 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 20.96 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 346 പേര്‍കൂടി മരിക്കുകയും, 13,165 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.60 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 116 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,795 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 9,742 പേരും, കര്‍ണാടകത്തില്‍ 8,642 പേരും യുപിയില്‍ 5,076 പേരും പുതുതായി രോഗികളായി.
ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക കരാറിലേക്ക്. സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ അടുത്ത മാസം ഒപ്പിട്ടേക്കും. ചൈനയിലുള്ള ജാപ്പനീസ് കമ്പനികളുടെ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യത്തിലും അടുത്ത മാസം നടക്കുന്ന ഉച്ചകോടിയില്‍ തീരുമാനമുണ്ടാകും.
ഫേസ് ബുക്ക് വിവാദത്തില്‍ ശശി തരൂരിനും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും എതിരെ ബിജെപി എം.പി നിഷികാന്ത് ദുബെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. നിഷികാന്ത് ദുബെയ്‌ക്കെതിരെ ശശി തരൂര്‍ എം.പി ഓം ബിര്‍ളയ്ക്കു പരാതി നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ തീരുമാനത്തെ അവഹേളിച്ചതിനാണ് ദുബെയ്‌ക്കെതിരേ പരാതി നല്‍കിയത്.
ചൈനയുടെ അതിര്‍ത്തിയിലുള്ള ലഡാക്കിലേക്ക് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ലേയിലേക്കാണ് പുതിയ റോഡ് നിര്‍മിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഡല്‍ഹിയിലെ ഹോട്ടലുകള്‍ തുറക്കുന്നു. ആഴ്ചച്ചന്തകളും തുറക്കും. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്.
ജമ്മു കാശ്മീരില്‍ നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ അധോലോക നേതാവ് ഛോട്ടാ ഷക്കീല്‍ അയച്ചതെന്ന് ആരോപിച്ച് ഷാര്‍പ്പ് ഷൂട്ടറെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ റിലീഫ് റോഡിലെ ഹോട്ടലില്‍നിന്നാണ് ഇയാളെ പിടികൂയിടത്.
ഓഗസ്റ്റ് അവസാനം വരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്കു ഹോങ്കോങ് വിലക്ക് ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ കോവിഡ് രോഗികളായതിനാലാണ് നടപടി.
ഗുജറാത്തിലെ ഏകതാ പ്രതിമയുടെ സുരക്ഷയ്ക്കായി സിഐഎസ്എഫ് 272 ജവാന്മാരെ നിയോഗിക്കും. കേന്ദ്ര മന്ത്രിസഭയുടേതാണു തീരുമാനം.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 6,436 പേര്‍കൂടി മരിച്ചു. 2,58,549 പേര്‍കൂടി രോഗികളായി. ഇതുവരെ 7,89,955 പേരാണു മരിച്ചത്. രണ്ടേകാല്‍ കോടി ജനങ്ങള്‍ രോഗബാധിതരായി. ഇന്നലെ അമേരിക്കയില്‍ 1,214 പേരും, ബ്രസീലില്‍ 1,170 പേരും, മെക്‌സിക്കോയില്‍ 751 പേരും മരിച്ചു.
പാക്കിസ്ഥാനിലെ മൂന്നു ഭീകരവാദ സംഘടനകള്‍ ലയിച്ച് ഒന്നാകുന്നു. മൂന്നും പാക് വിരുദ്ധ സംഘങ്ങളാണ്. തെഹ്രിക് ഇ താലിബാന്‍, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുള്‍ അഹ്റര്‍, ഹിസ്ബുള്‍ അഹ്റര്‍ എന്നീ സംഘടനകളാണ് ലയിക്കുന്നത്.
സ്വര്‍ണവും, വജ്രവും അടക്കമുള്ള അമൂല്യലോഹ നിക്ഷേപമുണ്ടെന്നു കരുതുന്ന ‘ഭീമന്‍’ ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാന്‍ നാസ. 16 സൈക്കി എന്ന ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കുന്ന പദ്ധതിക്ക് സൈക്കി എന്നാണു പേരിട്ടിരിക്കുന്നത്. പഠനത്തിനുള്ള നാസയുടെ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം 2022ല്‍ ഫ്ളോറിഡയില്‍ നടക്കും. അവിടെയെത്താന്‍ മൂന്നര വര്‍ഷം വേണം. 21 മാസം പേടകം സൈക്കിയെ ചുറ്റി നിരീക്ഷണം നടത്തും.
സൗദി അറേബ്യയുമായി ഉണ്ടായ നയതന്ത്ര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കാന്‍ മാപ്പപേക്ഷയുമായി പോയ പാക്കിസ്ഥാന് തിരിച്ചടി. പാക് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശത്തിനു മാപ്പു പറയാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയാണ് സൗദിയിലെത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തയ്യാറായില്ല.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക് – പിഎസ്ജി ഫൈനല്‍. ഇന്നലെ അര്‍ധരാത്രി നടന്ന മല്‍സരത്തില്‍ ഒളിമ്പിക് ലിയോനൈസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പിച്ചാണ് ബയേണ്‍ മ്യൂണിക് ഫൈനലിലെത്തിയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണു ഫൈനല്‍.
കഴിഞ്ഞ ഐലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനായി കളിച്ച മണിപ്പൂരി താരം മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു.
ഗോകുലം എഫ്‌സിക്ക് പുതിയ പരിശീലകന്‍. ഇറ്റലിക്കാരനായ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നിസ ഗോകുലത്തിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ വര്‍ഷം കരിബീയിന്‍ രാജ്യമായ ബെലീസേയുടെ സീനിയർ ടീം പരിശീലകനായിരുന്നു വിന്‍സെന്‍സോ.
വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതി രാജ്യമൊട്ടാകെ ഏക്കര്‍കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ ഡീലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വില്‍പന കേന്ദ്രങ്ങളും
വര്‍ക്ക്ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം.
അപ്രത്യക്ഷമായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഇതേ സമയം പ്ലേ സ്റ്റോറിന്റെ വെബ് സൈറ്റില്‍ പേ ആപ്പ് ലഭ്യമായിരുന്നു. പുതിയ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ് എന്നാണ് വിവരം.
വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ശാരിഖിനെ നായകനാക്കി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സിനിമയെയും, സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ഈ ചിത്രത്തിന്റെ പ്രമേയം. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക.
ഇന്ദ്രന്‍സ് നായകനാകുന്ന ആദ്യ കമേര്‍സ്യല്‍ ചിത്രം ഒരുക്കാന്‍ വിജയ് ബാബു. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായ ഇന്ദ്രന്‍സിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രോജക്ട് ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ഛായാഗ്രഹണം നീല്‍. മലയാളത്തിലെ പ്രശസ്ത യുവതാരമാകും താരത്തിന്റെ മകനായി എത്തുക.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിനു ടിആര്‍ഡി വകഭേദം അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ജനപ്രിയ എംപിവി ഇന്നോവയ്ക്കും ടിആര്‍ഡി വകഭേദം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്പോര്‍ട്ടീവോ എന്നാണ് ഈ മോഡലിന്റെ പേര്. 2021ല്‍ ഇന്ത്യയില്‍ എത്തിയേക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.