രാജു കെ ജോർജ്, സ്പെഷ്യൽ റിപ്പോർട്ടർ സ്പോർട്സ് ഡസ്ക്
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ സ്പോർട്സ് രംഗത്ത് പുത്തൻ ഉണർവ് പകർന്നാണ് ക്യാപ്റ്റൻ അജിമോൻ കെ എസിന്റെ പരിശീലന മികവിൽ പാലായിൽ സ്പോർട്സ് അക്കാദമി ഉയരുന്നത്.
പൂഞ്ഞാർ കൊടക്കനാൽ വീട്ടിൽ പരേതനായ ശേഖരന്റേയും ദേവകിയുടെയും മകനായ കെ എസ് അജിമോൻ സമാനതകളില്ലാത്ത സംഭാവനയാണ് ദേശിയ കായിക രംഗത്ത് നൽകിയത്.
17 ആം വയസിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം 10 വർഷം തുടർച്ചയായി 110 മീറ്റർ ഹാർഡിൽസിൽ സർവീസസിന്റെ ചാമ്പ്യനായി ട്രാക്കിലെ താരമായി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊച്ചിന്റെ കുപ്പായത്തിൽ തിളങ്ങി. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്ൽ നിന്നും കായിക പരിശീലനത്തിൽ ഡിപ്ലോമ നേടി.
1500 ലധികം നാഷണൽ മെഡലുകളും 20 ൽ പരം അന്തർദേശിയ മെഡലുകളും 25 അന്തർദേശിയ താരങ്ങളെ വാർത്തെടുക്കുവാനും ക്യാപ്റ്റൻ കെ എസ് അജിമോന്റെ പരിശീലന മികവിന് കഴിഞ്ഞു.
ഇതിൽ 2010 യൂത്ത് ഒളിമ്പിക്സിൽ നാനൂറ് മീറ്റർ ഹാർഡിൽസിൽ വെള്ളി മെഡൽ നേടിയ ദുർഗേഷ്‌കുമാർപാലും 2018 ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ ടീം അംഗവുമായ സരിത ഗായക്വാഡും ഉൾപ്പെടുന്നു
2014 ൽ ആർമിയിൽ നിന്ന് വിരമിച്ച ശേഷം അഞ്ച് വർഷം ഗുജറാത്ത് സർക്കാരിന്റെ വിദഗ്ധ പരിശീലകനായി. ഗുജറാത്തിന്റെ അത്ലറ്റിക്സ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയെന്ന് മാത്രമല്ല ലോക ശ്രദ്ധ നേടിയ നദിയായിലെ സ്പോർട്സ് കോമ്പ്ലെക്സിന്റെ പ്രധാന ചുമതലക്കാരൻ അജിമോൻ ആയിരുന്നു
38 ഏക്കറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് ഈ സ്പോർട്സ് കോംപ്ലെക്സ് സമുച്ചയം. നിരവധി ട്രാക് റെക്കോർഡുകൾ ഇവിടെ പിറന്നു.
ഖേലോ ഇന്ത്യ പദ്ധതിയുടെ ആരംഭമെന്ന് വിശേഷിക്കപ്പെട്ട ഖേൽ മഹാകുംഭ്, സർക്കാർ നടപ്പിലാക്കിയ എലീറ്റ് അത്‌ലറ്റിക് പ്രോഗ്രാം ശക്തിദുത് എന്നിവ ഗുജറാത്തിന്റെ സ്പോർട്സ് കുതിപ്പിൽ നിര്ണായകമായതാണ്.
മലയാളികളിലൂടെ ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നം യാഥാർഥ്യമാകും എന്ന ആത്മവിശ്വാസതോടെയാണ് ചിരകാല അഭിലാഷമായ സ്വന്തം നാട്ടിലെ സ്പോർട്സ് അക്കാദമി എന്ന ഉത്തരവാദിത്തം ക്യാപ്റ്റൻ കെ എസ് അജിമോൻ ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിച്ച ഈ കായിക അധ്യാപകൻ അരയും തലയും മുറുക്കി രംഗത്ത് എത്തുന്നതോടെ ട്രാക്കിൽ തീ പടരുമെന്നുറപ്പാണ്.