തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെട്ടത്. വലിയ പരാജയം തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും എല്‍.ഡി.എഫ് ഓരോ കാതം പിന്നില്‍ പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മുമ്പുണ്ടായിരുന്ന രാഷ്ട്രീയചരിത്രങ്ങളെ തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി ഇത്രയും ദിവസം ക്യാമ്പ് ചെയ്ത് തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണം. കെ റെയില്‍ വേണ്ടെന്ന സന്ദേശമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ധൂര്‍ത്താണ് തൃക്കാക്കരയില്‍ എല്‍.ഡി.എഫ് നടത്തിയത്. കള്ളവോട്ട് ഉള്‍പ്പടെ ചെയ്തുകൊണ്ട് വിജയിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചു. ഇതിനായി കണ്ണൂരില്‍ നിന്നും പ്രവര്‍ത്തകര്‍ തൃക്കാക്കരയിലെത്തിയെന്നും കെ.സുധാകരന്‍ ആരോപിച്ചു.