തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വച്ച് നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്മാന് അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ്, ജില്ലാ സെക്രട്ടറി ആര് കെ നവീന്‍ അടക്കമുള്ളവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്യും. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ക്ക് നല്കിയ മൊഴിയില്‍ നിന്ന് ഇ. പി. ജയരാജന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇരുവരും മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും. കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്നും പ്രതിഷേധമുണ്ടാകും.
വിമാനത്തില്‍, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. എന്നാണ് ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ അനുശാസിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍, ശാരീരികമായും വാക്കുകള്‍ കൊണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായാല്‍ ശിക്ഷ ഇതാണ് ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ. ഇത്തരത്തില്‍ വാക്കുകളാല്‍ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയില്‍ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം.