തെരുവുനായ്ക്കളുടെ ഭീഷണി നേരിടാൻ മദ്രസ വിദ്യാർഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്. കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തൻറെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീർ പറഞ്ഞത്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.