സംസ്ഥാനത്ത് സിൽവർ ലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിച്ചേക്കില്ലന്ന് സൂചന. കേസുകളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസിന്റെ നിലപാട്. രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപത്രം നൽകും. സർക്കാരിന്റെ നിലപാടറിയാതെ കേസുകൾ പിൻവലിക്കുന്ന കാര്യം ആലോചിക്കാൻ സാധ്യമല്ലെന്ന നിലപാടിലാണ് പൊലീസ്. തുടർ നടപടികൾ പിന്നീടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കെ റെയിൽ സർവ്വെയുടെ ഭാഗമായി സ്ഥാപിച്ച സർവ്വെ കല്ല് പൊതുമുതൽ തന്നെയാണെന്നാണ് പൊലീസിന് നേരത്തെ ലഭിച്ചിട്ടുള്ള നിയമോപദേശം.
എടക്കാട് സിഐക്കാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ പൊലീസിനാവും. കണ്ണൂർ ചാലയിൽ കെ റെയിൽ കല്ലുകൾ തകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ അവസാനിപ്പിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് പറയുകയാണ് സർക്കാർ. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സർവേ തുടരാനാണ് തീരുമാനം.