Pravasimalayaly

ലൈഫ് മിഷനിൽ അന്വേഷണം കടുപ്പിക്കാൻ സിബിഐ; സരിത്തിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്വർണകടത്തുക്കേസ് പ്രതികളെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.തുടർന്ന് എഫ് ഐ ആർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ കേസിൽ അന്വേഷണം നടത്തുന്നതിനാൽ സിബിഐയുടെ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തന്നെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി കേസിൽ ഉത്തരവിട്ടത്.

പിന്നാലെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.സുപ്രീം കോടതിയും അന്വേഷണം തുടരുന്നതിൽ തെറ്റില്ലെന്ന് അറിയിച്ചതോടെയാണ് സിബിഐ അന്വേഷണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. കേസിലെ പ്രതി സരിത്തിന് ഇന്ന് പതിനൊന്നുമണിയോടെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കമുള്ളവരെയും പിന്നാലെ ചോദ്യം ചെയ്യും.

Exit mobile version